പ്രണയപൂർവ്വം ഭാവന; ‘ശ്രീകൃഷ്ണ@ജിമെയിൽ.കോമി’ലെ ഗാനം ശ്രദ്ധനേടുന്നു

തെന്നിന്ത്യൻ സിനിമയുടെ പ്രിയ നായികയാണ് ഭാവന. വിവാഹശേഷം മലയാളത്തിൽ സജീവമല്ലെങ്കിലും കന്നഡ, തെലുങ്ക് സിനിമകളിൽ നിറസാന്നിധ്യമാണ് നടി. ഭാവന നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ശ്രീകൃഷ്ണ@ജിമെയിൽ.കോം. മലയാളി സംവിധായകൻ സലാം ബാപ്പു തിരക്കഥ ഒരുക്കുന്ന ചിത്രം കന്നഡയിലാണ് ഒരുങ്ങിയിരിക്കുന്നത്. സന്ദേശ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദേശ് എൻ. ആണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിൽ നായകനായി വേഷമിടുന്നത് ഡാർലിംഗ് കൃഷ്ണയാണ്. ചിത്രത്തിലെ വിഡിയോ ഗാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ഭാവനയും ഡാർലിംഗ് കൃഷ്ണയും ഒന്നിച്ചുള്ള പ്രണയഗാനമാണ് ഇത്. വക്കീൽ വേഷത്തിലാണ് നടി ചിത്രത്തിൽ വേഷമിടുന്നത്. മലയാളത്തിൽ സജീവമല്ലെങ്കിലും ഭാവന കന്നഡയിലെ ഹിറ്റ് നായികയാണ്. ഒട്ടേറെ ചിത്രങ്ങളിൽ ഇതിനോടകം നടി വേഷമിട്ടുകഴിഞ്ഞു. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കന്നഡ ചിത്രമാണ് ഭജറംഗി. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിച്ച ചിത്രമായിരുന്നു ഇത്.

മറ്റൊരു കന്നഡ ചിത്രമാണ് ‘ഇൻസ്‌പെക്ടർ വിക്രം’. നരസിംഹയുടെ സംവിധാനത്തിൽ വിക്യത് വി ആണ് ചിത്രം നിർമ്മിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം പുറത്തെത്തിയിരുന്നു.

‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. പിന്നീട് വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന.

Story highlights- [email protected] movie song