തിയേറ്ററുകൾ സജീവമാകുന്നു; ജോജു ജോർജ് നായകനായ ‘സ്റ്റാർ’ റിലീസിന്

മലയാള സിനിമയുടെ പുത്തൻ വാഗ്ദാനമായ ജോജു ജോർജ് നായകനാകുന്ന ചിത്രമാണ് സ്റ്റാർ. പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. കേരളത്തിൽ തിയേറ്റർ തുറക്കുന്ന സാഹചര്യത്തിൽ ഒക്ടോബർ 29ന് റിലീസിന് ഒരുങ്ങുകയാണ് സ്റ്റാർ. ക്‌ളീൻ ‘U’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർബോർഡ് നൽകിയിരിക്കുന്നത്.

 പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘സ്റ്റാർ’. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം. ഷീലു എബ്രഹാമാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുവിൻ എസ് സോമശേഖരനാണ്. എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണൻ എസ് അച്യുതം ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. 

Read More: റാണാ ദഗുബാട്ടിയുടെ നായികയായി തെലുങ്കിലേക്ക്- ‘ഭീംല നായകി’ൽ സംയുക്ത മേനോനും

‘ഷീ ടാക്സി’,’പുതിയ നിയമം’, ‘സോളോ’, ‘കനൽ’, ‘പുത്തൻ പണം’, ‘ശുഭരാത്രി’, ‘പട്ടാഭിരാമൻ’, ‘മരട് 357’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അബാം മൂവീസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് സ്റ്റാർ.

Story highlights- star movie release date announced