മൂന്നുമാസം കൊണ്ട് കുറച്ചത് 18 കിലോ- ട്രാൻസ്ഫോർമേഷൻ വിഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

മലയാള സിനിമയിൽ ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം നൽകുന്ന നടനാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ മേപ്പടിയാൻ എന്ന ചിത്രത്തിനായി ഉണ്ണി മുകുന്ദൻ നടത്തിയ ശാരീരിക പരിവർത്തനം ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന് വേണ്ടി ഭാരം വർധിപ്പിക്കുകയിരുന്നു താരം. ഷൂട്ടിംഗ് പൂർത്തിയായതിന് ശേഷം അമിത ഭാരം കുറയ്ക്കാനും തന്റെ പഴയ രൂപത്തിലേക്ക് മടങ്ങാനും ഉണ്ണി മുകുന്ദൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി മൂന്ന് മാസത്തോളം ഫിറ്റ്‌നസ് പരിവർത്തന യാത്രയിലായിരുന്നു താരം.

ഇപ്പോഴിതാ, 93 കിലോയിൽ നിന്നും 75 കിലോയിലേക്ക് എത്തിയത് എങ്ങനെ എന്ന് ട്രാൻസ്ഫോർമേഷൻ വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് ഉണ്ണി മുകുന്ദൻ. ജിം മാത്രമല്ല, ഉണ്ണിമുകുന്ദന്റെ ഈ പരിവർത്തനത്തിന് പിന്നിൽ. എങ്ങനെയാണ് ഭാരം കുറച്ച് ഫിറ്റായി ഇരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ വിഡിയോയിൽ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. അതോടൊപ്പം പ്രോടീൻ പൌഡർ താരം ശുപാർശ ചെയ്യുന്നതേയില്ല. അതിനു പകരം സ്വയം തയ്യാറാക്കാവുന്ന കൂട്ടും നടൻ പങ്കുവയ്ക്കുന്നു.

മുൻപ്, ഫിറ്റ്നസ് ചാർട്ട് ആരാധകർക്കായി ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു. തന്റെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് ചാർട്ടും താരം പങ്കുവെച്ചു. തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് വിശദമായ കുറിപ്പ് പങ്കുവെച്ച താരം, ഇതുവരെ അതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ല എന്ന് പറയുന്നു.

അതേസമയം നിരവധി ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുണ്ട്. ഉണ്ണി മുകുന്ദനൊപ്പം അഞ്ചു കുര്യൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനാണ് നിർമിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്.

ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘ബ്രൂസ്‌ ലീ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. 

Read More: യഥാർത്ഥ നായകൻ ജീവിതത്തിൽ ഒറ്റയ്ക്കാണ്; മോഹൻലാൽ- ഷാജി കൈലാസ് ചിത്രം ‘എലോൺ’ ടൈറ്റിൽ പോസ്റ്റർ

ജനത ഗാരേജ്, ബാഗമതി എന്നീ ചിത്രങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്ക് ചേക്കേറുകയാണ്. നടൻ രവി തേജയുടെ വില്ലനായാണ് ഉണ്ണി മുകുന്ദൻ വേഷമിടുന്നത്. കില്ലാടി എന്ന ചിത്രത്തിലാണ് ഉണ്ണി വില്ലൻ വേഷത്തിൽ എത്തുന്നത്.

Story highlights- unni mukundan’s Transformation Video