‘ചക്രവർത്തിനി..’; മനോഹര ഭാവങ്ങളിൽ നൃത്തം ചെയ്ത് അനു സിതാര

മലയാളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനു സിതാര. ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അനു സിതാര , 2017-ൽ പുറത്തിറങ്ങിയ ‘രാമന്റെ ഏദൻ തോട്ടം’ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചതോടെ ശ്രദ്ധനേടുകയായിരുന്നു. ജയസൂര്യ നായകനായ ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലെ കഥാപാത്രവും പ്രശംസ പിടിച്ചുപറ്റി. സിനിമാതിരക്കുകൾക്കിടയിൽ സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി.

ഷൂട്ടിംഗ് ഇടവേളകളിൽ നൃത്ത വിഡിയോകൾ പങ്കുവയ്ക്കാറുണ്ട് അനു സിതാര. ഇപ്പോഴിതാ, എന്നെന്നും മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന ‘ചക്രവർത്തിനി നിനക്ക് ഞാനെന്റെ..’ എന്ന ഗാനത്തിനാണ് മനോഹരമായ ഭാവങ്ങൾ അനു സിതാര പങ്കുവയ്ക്കുന്നത്. മുൻപും ഒട്ടേറെ പഴമയുടെ മധുരമുള്ള ഗാനങ്ങൾക്ക് നടി ചുവടുവെച്ചിരുന്നു.

മമ്മൂട്ടി നായകനായ ‘മാമാങ്കം’ എന്ന ചിത്രത്തിലാണ് അനു സിതാര അവസാനമായി അഭിനയിച്ചത്. ജീത്തു ജോസഫിന്റെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുള്ള ദിവ അജിത് തോമസ് സംവിധാനം ചെയ്ത ‘സന്തോഷം’ എന്ന ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നടിയിപ്പോൾ.

അതേസമയം,അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’. ആലപ്പുഴയിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന കഥാപത്രമാണ് അനു സിതാരയുടേത്. ടോം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More: ഹിറ്റ് തെലുങ്ക് ഗാനത്തിന് ചുവടുവെച്ച് നിത്യ ദാസും മകളും- ശ്രദ്ധനേടി വിഡിയോ

ജീത്തു ജോസഫ് ചിത്രമായ ട്വൽത്ത് മാനിലും നടി ഒരു പ്രധാന വേഷത്തിൽ മോഹൻലാലിനൊപ്പം എത്തുന്നുണ്ട്. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതിൽ എന്ന ചിത്രത്തിലും നടി വേഷമിടുന്നുണ്ട്. സ്പാർക്ക് പിക്ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്താണ് പൂർത്തിയായത്.

Story highlights- anu sithara’s latest dance video