സിനിമയിൽ പോലും അമ്മ കരയുന്ന രംഗങ്ങൾ എന്നെ ഏറെ വേദനിപ്പിച്ചിരുന്നു…ശ്രീദേവിയെക്കുറിച്ച് മകൾ ജാൻവി

June 22, 2018

 

അഞ്ച് പതിറ്റാണ്ടുകാലം സിനിമ ലോകത്തെ താരറാണിയായി നിറഞ്ഞുനിന്ന നടി ശ്രീദേവിയെക്കുറിച്ച് മകൾ ജാൻവി കപൂർ. ക്യാമറ ഓൺ ചെയ്യുമ്പോൾ മുതൽ അമ്മ മറ്റൊരാളായി മാറുന്നത് കണ്ട് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. ജാൻവി കപൂറിന്റെ ആദ്യ ചിത്രമായ ‘ധടകി’ന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ്, അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ ജാൻവി ആരാധകർക്കുമുന്നിൽ പങ്കുവെച്ചത്.

ശ്രീദേവിയുടെ രണ്ടാം വരവിനുശേഷമുള്ള ആദ്യ ചിത്രമായ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന ചിത്രത്തിന്റെ സൈറ്റിൽ വെച്ചുണ്ടായ അനുഭവമാണ് ജാൻവി പങ്കുവെച്ചത്. ഷൂട്ടിങ് ലൊക്കേഷനിൽ അമ്മയ്‌ക്കൊപ്പം ഞങ്ങളും പോയിരുന്നു. ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ അമ്മ എന്നെ വഴക്ക് പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ,  ഷോട്ട് ശരിയായെന്നറിഞ്ഞത്. ആ നിമിഷം മുതൽ അമ്മ മറ്റൊരാളായി മാറുകയായിരുന്നു. അമ്മയുടെ മാറ്റം അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്.

ക്യാമറയ്ക്ക് മുന്നിൽ ഒരിക്കലും അഭിനയിക്കരുത്. ക്യാമറ വളരെ സ്മാർട്ടാണ്, നമ്മിലെ ചെറിയ വികാരങ്ങളെ വരെ ക്യാമറ ഒപ്പിയെടുക്കും. അതുകൊണ്ട് അഭിനയിക്കുമ്പോൾ മനസ് വളരെ ശുദ്ധമായിരിക്കണമെന്നും, സിനിമയിലേക്ക് ചുവടുവെയ്ക്കുന്നതിന് മുന്നേ അമ്മ പറഞ്ഞതായും ജാൻവി ഓർക്കുന്നു.

അമ്മ അഭിനയിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും ഇഷ്ടപെട്ടത് ‘സദ്മ’യിലെ കഥാപത്രത്തെയാണെന്നും ജാൻവി കൂട്ടിചേർത്തു. മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമയിൽ അമ്മ ചിരിക്കുകയാണ്, സിനിമയിൽ പോലും ‘അമ്മ കരയുന്ന രംഗങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചിരുന്നെന്നും ജാൻവി പറഞ്ഞു.