ജയം മാത്രം മുന്നിൽ…മെസ്സിയും അഗ്യൂറോയും തുറുപ്പുചീട്ടുകൾ …ചങ്കിടിപ്പോടെ ക്രൊയേഷ്യ

June 21, 2018

മെസ്സി ആരാധകർ ഏറെ ചങ്കിടിപ്പോടെ നോക്കിയിരിക്കുന്ന മത്സരമാണ് ഇന്ന് റഷ്യൻ ലോകകപ്പിൽ അരങ്ങേറുന്നത്. ‘ഗ്രൂപ്പ് ഡി’യിലെ നിർണായക പോരാട്ടത്തിനായി  അർജന്റീന, ക്രൊയേഷ്യ ടീമുകൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഐസ്‌ലന്റിനെതിരെ സമനിലയിലെത്തിയ അർജന്റീനയ്ക്ക് ഇന്നത്തെ വിജയം വളരെ അനിവാര്യമാണ്. മെസ്സിയും ആദ്യ പോരാട്ടത്തില്‍ ഗോള്‍ നേടിയ സെര്‍ജിയോ അഗ്യൂറോയുമായിരിക്കും അര്‍ജന്റീനയുടെ തുറുപ്പുചീട്ടുകള്‍.

അതേസമയം ആദ്യ മത്സരത്തിൽ ( 2-0 ) നൈജീരിയയെ കീഴടക്കിയ ക്രൊയേഷ്യ, വളരെ ശക്തമായ തയ്യാറെടുപ്പോടെയാണ് അർജന്റീനയെ നേരിടാനൊരുങ്ങിയിരിക്കുന്നത്. കളിയിൽ സമനിലയെങ്കിലും പിടിക്കാമെന്നുള്ള പ്രതീക്ഷയോടെയാണ് ക്രൊയേഷ്യ. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചും അർജന്റീനയ്‌ക്കെതിരെ നിലമൊരുക്കി കാത്തിരിക്കുകയാണ്.

1998 ലെ ലോകകപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം നേടിയ അർജന്റീനയെ ഇത്തവണ നിലംപരിശാക്കി പഴയ കടം ക്രൊയേഷ്യ തീർക്കുമോയെന്നും കാത്തിരുന്ന് കാണാം. ഇന്ന് വൈകിട്ട് 11:30 ന് നിഷ്‌നി സ്റ്റേഡിയത്തിലാണ് അർജന്റീന ക്രൊയേഷ്യ മത്സരം ആരംഭിക്കുക.