നാടിൻറെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി രതീഷ് കണ്ടടുക്കം..!

June 6, 2018

ഗാനഗന്ധർവ്വൻ യേശുദാസിന്റെ സ്വരസാമ്യവുമായി മലയാളികളെ വിസ്‍മയിപ്പിച്ച രതീഷ് കണ്ടടുക്കത്തിന് ആദരമർപ്പിച്ച് ജന്മദേശം. ഒടയംചാൽ ടൗൺ വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് രതീഷിന്  സ്നേഹാദരങ്ങളുമായി ഒരു നാടു മുഴുവൻ ഒത്തുചേർന്നത്.  ഗാന ഗന്ധർവ്വൻ യേശുദാസിന്റെ ശബ്ദവുമായി അത്ഭുതകരമായ സാമ്യം പുലർത്തുന്ന രതീഷ്  ഫ്ളവേഴ്‌സിലെ കോമഡി ഉത്സവത്തിലെത്തിയതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്.

കോമഡി ഉത്സവത്തിലെ അവിസ്മരണീയമായ പ്രകടനത്തോടെ  നാടിൻറെ അഭിമാനമായി മാറിയ രതീഷിന് ആശംസകളർപ്പിക്കാനായി ഒടയംചാൽ നിവാസികൾ ഒന്നടങ്കം ഒത്തുചേർന്നിരുന്നു.കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് പരപ്പ നിവാസിയായ രതീഷ്  കോമഡി ഉത്സവത്തിന്റെ ഉത്സവയാത്രയിലൂടെയാണ് കലയുടെ മഹോത്സവ വേദിയിലെത്തുന്നത്. ഗാനഗന്ധർവ്വൻ   യേശുദാസിന്റെ ശബ്ദമാധുര്യവുമായി  വേദികൾ കീഴടക്കുന്ന രതീഷ് ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല.

ടയർ റീസോളിംഗ് തൊഴിലാളിയായ രതീഷിന്റെ കുടുംബം ഭാര്യയും രണ്ട്‌ മക്കളുമടങ്ങുന്നതാണ്. നാട്ടുകാരുടെയും കുടുംബത്തിന്റെയും പ്രത്സാഹനവുമായി സംഗീത വേദികളിൽ വിസ്മയം തീർക്കുന്ന രതീഷിന് കലയുടെ ലോകത്ത് വലിയ ഉയരങ്ങൾ സ്വപ്നം കാണാൻ പ്രചോദനമേകിയാണ് ഗ്രാമവാസികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഒത്തുചേർന്ന് ആദരമർപ്പിച്ചത്..