സൂപ്പർ ഹിറ്റായി മെട്രോ സൈക്കിൾ പദ്ധതി; മെട്രോയിൽ കൂടുതൽ പദ്ധതികൾ ഉടനെന്ന് സിഎംആർഎൽ അധികൃതർ

June 29, 2018

യാത്രക്കാർക്ക് സുഖയാത്ര ഒരുക്കുന്നതിന്റെ ഭാഗമായി മെട്രോ ആരംഭിച്ച പുതിയ മെട്രോ ബൈസിക്കിൾ പദ്ധതി ഹിറ്റാകുന്നു.  കഴിഞ്ഞ ജനുവരിയിൽ യാത്രക്കാർക്ക് യാത്രകൾ  കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി ചെന്നൈയിൽ  ആരംഭിച്ച മെട്രോ സൈക്കിൾ പദ്ധതി, മെട്രോ യാത്രക്കാർക്ക് തുടർ യാത്രകൾ ഒരുക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയതാണ്.12 സ്റ്റേഷനുകളിൽ ആരംഭിച്ച ഈ പരുപാടി വൻ വിജയമാണെന്ന് സി എം ആർ എൽ ആണ് വ്യക്തമാക്കിയത്.

മെട്രോ ബൈസിക്കിൾ പദ്ധതി യാത്രക്കാർ ഏറ്റെടുത്തതോടെ സും കാർ, ആദീസ് സൈക്കിൾ എന്നീ സംരംഭങ്ങളുമായി ചേർന്ന് സി എം ആർ എൽ പദ്ധതി മറ്റ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിരുന്നു. സി എം ആർ എൽ അധികൃതരുടെ കണക്കുകൾ പ്രകാരം 50,500 യാത്രക്കാർ ഈ സൗകര്യം ഇതുവരെ  പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാർ മെട്രോ കൂടുതൽ ഉപയോഗിക്കുന്നതിനായി,  തുടർയാത്ര സൗകര്യം കാര്യക്ഷമമാക്കുന്നതിനായി മെട്രോ സ്റ്റേഷനുകളിൽ ചെറു ബസുകൾ ഉപയോഗിക്കാനും  അധികൃതർ തീരുമാനിച്ചിരുന്നു. നഗരത്തിലെ പ്രധാന മെട്രോ സ്റ്റേഷനുകളിൽ ഓൺലൈൻ ടാക്സി സർവീസുകൾ തുറക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി യുബർ, ഓല കമ്പനികളുമായി കരാർ ഒപ്പിട്ടതായും അധികൃതർ അറിയിച്ചു.