അമ്മ ആദ്യമായി വാങ്ങിയ വീട്, അച്ഛന്റെയും അമ്മയുടെയും വിവാഹവും ഇവിടെയായിരുന്നു- ശ്രീദേവിയുടെ ചെന്നൈ വസതി പരിചയപ്പെടുത്തി ജാൻവി

November 18, 2022

ഇന്ത്യൻ സിനിമയിൽ ഒരു ഇതിഹാസം തന്നെയായിരുന്നു ശ്രീദേവി കപൂർ. കാരണം തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ എത്തി ലേഡി സൂപ്പർസ്റ്റാർ പദവി സ്വന്തമാക്കിയ ഏക നടിയാണ് ശ്രീദേവി. വിവാദങ്ങൾ നിറഞ്ഞ ജീവിതവും അഭ്യൂഹങ്ങൾ നിറഞ്ഞ മരണവും വാർത്തകളിൽ ഇടം നേടിയിരുന്നു. ബോളിവുഡിലെ താരറാണിയായിരുന്നിട്ടും മകൾ ജാൻവി സിനിമയിലേക്ക് എത്തുന്നത് ശ്രീദേവിക്ക് തുടക്കത്തിൽ അംഗീകരിക്കാൻ സാധിച്ചിരുന്നില്ല.

എന്നാൽ ജാൻവിയുടെ സ്വപ്നമാകട്ടെ, സിനിമയും. ഒടുവിൽ പതിനെട്ട് വയസായ ശേഷം സിനിമയിൽ അഭിനയിക്കാൻ അനുമതി നൽകിയ ശ്രീദേവി, ജാൻവിയുടെ ആദ്യ ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ യാത്രയായി. ഷൂട്ടിങ്ങിൽ ജാൻവിക്ക് ഒപ്പം നിന്നിരുന്ന ശ്രീദേവി, മകളെ സ്‌ക്രീനിൽ കാണാതെയാണ് മരിക്കുന്നത്.

ഇപ്പോഴിതാ, അമ്മയുടെ ആദ്യത്തെ വീട് പരിചയപ്പെടുത്തിയിരിക്കുകയാണ് ജാൻവി കപൂർ. ചെന്നൈയിൽ ശ്രീദേവി സ്വന്തമായി വാങ്ങിയ ആദ്യത്തെ വീടാണ് ജാൻവി പരിചയപ്പെടുത്തുന്നത്. അമ്മയുടെയും അച്ഛന്റെയും വിവാഹം നടന്നതും ഇവിടെയാണെന്നും നടി പങ്കുവയ്ക്കുന്നു. അതോടൊപ്പം, വീട്ടിലെ എല്ലാ മുറികളും എല്ലാ പ്രത്യേകതകളും ജാൻവി പങ്കുവയ്ക്കുന്നുണ്ട്. ശ്രീദേവി നല്ലൊരു ചിത്രകാരി ആയിരുന്നു എന്നും വിഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കും.

Read Also: മൂർഖനാണ്, സൂക്ഷിക്കണം; ഫ്രിഡ്‌ജിൽ ചുറ്റിപ്പിടിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുക്കുന്ന വിഡിയോ വൈറലാവുന്നു

ചെറുപ്പത്തിൽ ഇവിടെയാണ് ജാൻവി സഹോദരിക്കൊപ്പം വളർന്നത്. അതുമായി ബന്ധപ്പെട്ട ഓർമ്മകളും നടി പങ്കുവയ്ക്കുന്നുണ്ട്. 1963 ആഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. 1969ല്‍ ‘തുണൈവന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ബാലതാരമായെത്തി. ഹിന്ദി, ഉര്‍ദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിരിക്കുന്നത്.

Story highlights- Janhvi Kapoor Gives A Tour Of Her Chennai Home