‘ഏത് വേണമെങ്കിലും ചോദിക്കാം’; തൊഴിലാളികൾക്ക് ഇഷ്ട കാറുകൾ സമ്മാനമായി നൽകി കമ്പനിയുടമ

January 6, 2024

ഇന്ന് പലരുടെയും ജീവിതത്തിൽ ആശങ്കയ്ക്കും ഉത്ക്കണ്ഠയ്ക്കും വഴിയൊരുക്കുന്നത് തൊഴിലിടങ്ങളാണ്. ചെയ്യുന്ന ജോലിക്ക് അർഹിക്കുന്ന പ്രശംസയും പ്രോത്സാഹനങ്ങളും ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. അത് ലഭിക്കാതെ വരുമ്പോഴാണ് പലപ്പോഴും തൊഴിലിടങ്ങൾ തലവേദനയായി മാറുന്നതും ഇഷ്ടം മറന്ന് കഷ്ടപ്പെട്ട് ജോലി ചെയ്യേണ്ടി വരുന്നതും. എന്നാൽ അങ്ങനെയുള്ള ലോകത്ത് വ്യത്യസ്തത പുലർത്തുകയാണ് ചെന്നൈയിലെ ഈ ഐടി കമ്പനി. നീണ്ട കാലങ്ങളായി തങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് സ്ഥാപനം വാഗ്ദാനം ചെയ്തത് ചില്ലറ കാര്യമൊന്നുമല്ല. ഓരോ ആൾക്കും ഇഷ്ട കാറാണ് കമ്പനിയുടമയുടെ വക സമ്മാനം. (IT firm head gifts 50 brand new cars to employees)

ചെന്നൈ ആസ്ഥാനമായുള്ള ‘ഐഡിയാസ് 2 ഇറ്റ്’ എന്ന ഐടി സ്ഥാപനത്തിന്റെ തലവൻ മുരളിയാണ് നന്ദിസൂചകമായി അമ്പതോളം ജീവനക്കാർക്ക് വിവിധതരം ബ്രാൻഡ്-ന്യൂ കാറുകൾ സമ്മാനമായി നൽകിയത്.

Read also: എൻഎസ്എസ് ക്യാമ്പിൽ കുട്ടികളുടെ നിർബന്ധത്തിന് പാടി പാചക തൊഴിലാളി; ഒറ്റ പാട്ടിൽ താരമായി കാർത്ത്യായാനി- വിഡിയോ

2009ൽ തന്റെ ഭാര്യയോടൊപ്പമാണ് മുരളി ഈ സ്ഥാപനം ആരംഭിച്ചത്. സംരംഭത്തിന്റെ തുടക്കം മുതൽ തനിക്കൊപ്പം നിന്ന ജീവനക്കാരുണ്ടെന്നും അവരുടെ പിന്തുണയ്‌ക്ക് അംഗീകാരം നല്കാൻ താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

കമ്പനിയുടെ എല്ലാ ഓഹരികളും തനിക്കും ഭാര്യയ്ക്കുമൊപ്പം ഉണ്ടെന്നും എന്നാൽ ഇപ്പോൾ അവയുടെ 33 ശതമാനത്തോളം ദീർഘകാല സേവനം കാഴ്ചവെച്ച ജീവനക്കാർക്ക് നൽകാൻ തങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ഈ പങ്കാളിത്തത്തിന് തുടക്കം കുറിച്ച് കൊണ്ടാണ് ജീവനക്കാർക്ക് 50 കാറുകൾ നൽകാൻ തീരുമാനിച്ചത്. ജീവനക്കാരുടെ കഠിനാധ്വാനത്തിന് പ്രതിഫലം നൽകുന്നതിനായി കമ്പനി കഴിഞ്ഞ വർഷം 100 കാറുകൾ സമ്മാനിച്ചതായും അദ്ദേഹം പറഞ്ഞു.

Story highlights: IT firm head gifts 50 brand new cars to employees