ലോകകോടീശ്വരി; മക്കെൻസി സ്കോട്ട് ദാനം ചെയ്തത് 1.38 ലക്ഷം കോടി!

January 31, 2024

പല പ്രമുഖരുടെയും വിവാഹവും വേർപിരിയലുമെല്ലാം വാർത്തകളിൽ വലിയ ചർച്ചയാവാറുണ്ട്. അത്തരത്തിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ഭാര്യ മക്കെൻസി സ്കോട്ടും വേർപിരിയുന്നു എന്ന വാർത്ത. ഇവരുടെ ബന്ധം വേർപിരിയലും, സ്വത്ത് ഭാഗം വയ്ക്കലും എല്ലാം ആഗോള ശ്രദ്ധ നേടിയ വാർത്തകളായിരുന്നു. (World’s Richest Woman MacKenzie Scott donates crores for charity)

കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായിരുന്നു മക്കെൻസി സ്കോട്ടിന്റെത്. ഡിവോഴ്‌സിനു ശേഷം മക്കെൻസി സ്‌കോട്ട് ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ ഒരാളെന്ന ഖ്യാതിയിലേക്കാണ് ഉയർന്നത്. വിവാഹ മോചന ഉടമ്പടിയുടെ ഭാഗമായി ആമസോണിന്റെ 4 ശതമാനത്തോളം ഓഹരിയാണ് സ്‌കോട്ടിന് ലഭിച്ചത്. അതായത് ഏകദേശം 19.7 ദശലക്ഷം വരുന്ന ഓഹരികൾ സ്‌കോട്ടിന് സ്വന്തമായി വന്നു.

Read also: മുന്നിൽ അലറിപ്പാഞ്ഞെത്തിയ പുള്ളിപ്പുലി; സ്വന്തം കൈകളാൽ പുലിയുടെ അന്ത്യം കുറിച്ച അകെലിയുടെ കഥ!

നിലവിലെ ഏറ്റവും വലിയ ധനികയായിരുന്ന വനിത ലൊറിയൽ എസ്എയുടെ അവകാശി ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്‌സിനെ ആദ്യമായി മറികടന്ന് ആ സ്ഥാനം സ്കോട്ടിന്റെ കരങ്ങളിലെത്തി. എല്ലാവർക്കും ഇത് അതിശയമായിരുന്നെങ്കിലും ബിസിനസ് ലോകത്തിന് അത്ഭുതങ്ങളുടെ ഘോഷയാത്രായിരുന്നു ഈ വേർപിരിയലും ഭാഗം വെയ്ക്കലുമെല്ലാം.

എന്നാൽ ധനിക എന്ന പദവി അലങ്കരിക്കുക മാത്രമല്ല തന്റെ സ്വത്തിന്റെ ഒരു വലിയ ഭാഗം വിറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റി വയ്ക്കുക കൂടി ചെയ്തു സ്‌കോട്ട്. കോടിക്കണക്കിന് ഡോളറുകളാണ് ഇത്തരത്തിൽ ആതുര സേവനത്തിനായി അവർ ചെലവഴിച്ചത്. കണക്കുകൾ പ്രകാരം ഏകദേശം 65.3 ദശലക്ഷം വില വരുന്ന ആമസോണിന്റെ ഓഹരികളാണ് 2023 -ൽ അവർ വിറ്റത്.

കഴിഞ്ഞ വർഷം, 360 ഓർഗനൈസേഷനുകൾക്കായി ഏകദേശം 2.2 ബില്യൺ ഡോളർ വിലവരുന്ന സംഭാവനകൾ സ്‌കോട്ട് നൽകിയതായി യീൽഡ് ഗിവിംഗ് വെബ്സൈറ്റിലെ ഒരു പോസ്റ്റ് വ്യക്തമാക്കുന്നു. ജീവിതത്തിൽ ഇതുവരെ അവർ ഏകദേശം 16.6 ബില്യൺ ഡോളറിന്റെ സംഭാവന നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതായത് ഇതുവരെ ദാനം ചെയ്തത് ഏകദേശം 1,38,015 കോടി രൂപ!

Story highlights: World’s Richest Woman MacKenzie Scott donates crores for charity