‘സങ്കടപ്പെട്ട് ഇനി ജോലിക്ക് പോകണ്ട’; പ്രതിവിധിയുമായി ചൈനീസ് കമ്പനി!

April 17, 2024

കാലത്ത് എഴുന്നേൽക്കുമ്പോൾ ആകെ ഒരു സുഖമില്ലായ്മ തോന്നുക, സങ്കടം വരിക, ഒരു തരത്തിലും ജോലിക്കെത്താൻ കഴിയില്ല എന്ന തോന്നൽ. ഇങ്ങനെയൊക്കെ തോന്നാത്തവർ നമുക്കിടയിൽ ചുരുക്കമായിരിക്കും. പക്ഷെ പലപ്പോഴും ഈ ബുദ്ധിമുട്ടുകളൊക്കെ പേറി എങ്ങനെയെങ്കിലും നമ്മൾ ജോലി സ്ഥലത്ത് എത്തും, പിന്നെ കഷ്ടപ്പെട്ട് ഒരു ദിവസം ചെലവഴിച്ച് മടങ്ങി വരും. (Chinese Company Introduces Unhappy Leaves)

എന്നാൽ ഈ പതിവിന് മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ചൈനീസ് സൂപ്പർമാർക്കറ്റ് ശൃംഖലയായ പാങ് ഡോങ് ലായ്. പ്രതിവർഷം 10 ദിവസം വരെ തങ്ങൾ ‘അൺഹാപ്പി ലീവ്’ വാഗ്ദാനം ചെയ്യുന്നു എന്ന പ്രഖ്യാപനവുമായാണ് അവർ രംഗത്തെത്തിയിരിക്കുന്നത്.

ഈ നയത്തിന് കീഴിൽ, ജീവനക്കാർക്ക് മാനേജരുടെ അനുമതി കൂടാതെ തന്നെ അസന്തുഷ്ടരായിരിക്കുമ്പോൾ അവധിയെടുക്കാം. ചൈനയിലെ ജോലിസ്ഥലങ്ങളിലെ ഉത്കണ്ഠ പരിഹരിക്കാനാണ് ഈ നീക്കം.

Read also: ആളുകൾ ഉപേക്ഷിച്ച പുസ്തകങ്ങൾകൊണ്ട് ലൈബ്രറി ഒരുക്കി മാലിന്യ ശേഖരണ തൊഴിലാളികൾ

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് അനുസരിച്ച്, ഹെനാൻ പ്രവിശ്യ ആസ്ഥാനമായുള്ള റീട്ടെയിൽ ശൃംഖലയിലെ ജീവനക്കാർക്ക് അസന്തുഷ്ടി അനുഭവപ്പെടുന്നുണ്ടെങ്കിൽ 10 ദിവസം വരെ അധിക അവധി എടുക്കാമെന്ന് ചൈന സൂപ്പർമാർക്കറ്റ് ഡോങ് ലായ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

കമ്പനിയുടെ തൊഴിൽ നയം അനുസരിച്ച് ജീവനക്കാർക്ക് ദിവസത്തിൽ ഏഴ് മണിക്കൂർ മാത്രം ജോലി ചെയ്താൽ മതിയാകും. വാരാന്ത്യ അവധിയും, 30 മുതൽ 40 ദിവസത്തെ വാർഷിക അവധിയും ലഭിക്കും. തങ്ങൾ വലുതാകാൻ ആഗ്രഹിക്കുന്നില്ലെന്നും ജീവനക്കാർക്ക് ആരോഗ്യകരവും ശാന്തവുമായ ജീവിതം ലഭിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അധികൃതർ പറയുന്നു.

Story highlights: Chinese Company Introduces Unhappy Leaves