ഒമർ ലുലുവിന്റെ ‘പവർ സ്റ്റാറായി’ ബാബു ആൻറണി

June 7, 2018

 

‘ഒരു  അഡാർ ലവ്’ ന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പവർ സ്റ്റാർ’ ലെ നായകനെ വെളിപ്പെടുത്തി  സംവിധായകൻ. ബാബു ആന്റണിയാണ് ചിത്രത്തിൽ  നായകനായെത്തുന്നത്.  ‘പവർ സ്റ്റാർ’ എന്ന് ചിത്രത്തിന് പേരിട്ടതുമുതൽ നായകൻ ആരാകുമെന്നുള്ള ആരാധകരുടെ ആശങ്കൾക്ക് ഇതോടെ വിരാമമാവുകയാണ്.

1980 കളിൽ മലയാള സിനിമയിൽ വില്ലനായെത്തിയ താരം പിന്നീട് നായകനായും വേഷമണിഞ്ഞിരുന്നു. കുട്ടിക്കാലം മുതൽ ബാബു ആൻറണി യുടെ  ആക്ഷൻ സിനിമകളുടെ ആരാധകനാണ് താനെന്നും, അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്യുകയെന്നത് ഏറെ നാളത്തെ ആഗ്രഹമാണെന്നും ഒമർ ലുലു വ്യക്തമാക്കി. 2019 ലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഹാപ്പി വെഡിങ്, ചങ്ക്സ് എന്നീ  ചിത്രങ്ങൾക്ക് ശേഷം ഒമർ സംവിധാനം ചെയ്ത സിനിമയാണ് ‘ഒരു അഡാർ ലവ്’. റിലീസ് ചെയ്യുന്നതിന് മുൻപുതന്നെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണിത്. സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ  ‘അഡാർ ലവിനു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.