അമ്മയിലെ കൂട്ടരാജി; നിലപാട് വെളിപ്പെടുത്തി പൃഥ്വിരാജ്

June 28, 2018


താര സംഘടനായ അമ്മയിൽ  ഉണ്ടായ നടിമാരുടെ കൂട്ടരാജിൽ താൻ നടിമാർക്കൊപ്പമെന്ന് നടൻ പൃഥ്വിരാജ്. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് നടിമാരായ രമ്യ നനമ്പീശൻ,റിമ കല്ലുങ്കൽ,ഭാവന,ഗീതുമോഹൻദാസ് എന്നിവർ രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു അന്വേഷണ വിധേയനായിരിക്കുന്ന ദിലീപിനെ താര സംഘടന തിരിച്ചെടുത്തത്. അതേസമയം രാജിവെച്ച നടിമാരുടെ ധീരമായ നടപടിയെ താന്‍ അനുമോദിക്കുന്നതായും താന്‍ അവര്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുകയാണെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. സമയവും സാഹചര്യവും വരുമ്പോൾ തന്റെ നിലപാട് വ്യക്തമാകുമെന്നും താരം വെളിപ്പെടുത്തി.

മലയാളസിനിമയില്‍ ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള സംഘടനയാണ് അമ്മ. അമ്മയുടെ അംഗമാണെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ എനിക്കിതുവരെ സാധിച്ചിട്ടില്ല. നിരവധി നടിമാരെയും നടന്മാരെയും’അമ്മ’ സഹായിച്ചിട്ടുണ്ട്. ദിലീപിനൊപ്പം അഭിനയിക്കാൻ തന്നെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല, ഇനി അങ്ങനെ ഉണ്ടായാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും താരം അറിയിച്ചു. എന്റെ സുഹൃത്ത് ആക്രമണത്തിന് ഇരയായത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. ഇപ്പോഴും അതിൽ വിഷമിക്കുന്നു. അവളുടെ ധൈര്യത്തെ താൻ ബഹുമാനിക്കുന്നുവെന്നും പൃഥ്വി വ്യക്തമാക്കി.

അതേസമയം നടിമാരുടെ കൂട്ടരാജിയിൽ നിരവധി സിനിമ പ്രമുഖരും രാഷ്ട്രീയക്കാരും അവരുടെ അഭിപ്രായങ്ങൾ വ്യക്തമാക്കിയിരുന്നു. ഡബ്ല്യുസിസി അംഗങ്ങളായ താരങ്ങളാണ് ഇപ്പോൾ അമ്മയിൽ നിന്നും രാജിവെച്ചിരിക്കുന്നത്. അതേസമയം രേവതി, പാര്‍വതി, പത്മപ്രിയ എന്നിവർ ചേര്‍ന്ന് ജൂലൈ 13നോ 14നോ അമ്മ ജനറല്‍ ബോഡി വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചിട്ടുണ്ട്.