പൃഥ്വിരാജ്, ലാലേട്ടൻ കൂട്ടുകെട്ടിൽ ഇനി ‘ക്വീൻ’ നായികയും

June 13, 2018

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ലൂസിഫറി’ൽ  മോഹൻലാലിൻറെ മകളായെത്തുന്നത് ‘ക്വീൻ’ നായിക സാനിയ അയ്യപ്പൻ. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധായാക വേഷത്തിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം  നിർമ്മിക്കുന്നത്.

ചിത്രത്തിൽ മോഹൻലാലിനും സാനിയക്കും പുറമെ മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് സൂചന. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സുജിത്ത് വാസുദേവ് ക്യാമറ നിർവഹിക്കുന്ന ചിത്രത്തിൽ ദീപക് ദേവാണ് സംഗീതം. ജൂലൈയിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് ലൊക്കേഷൻ  കൊച്ചി, തിരുവനന്തപുരം, മുംബൈ നഗരങ്ങളാണ്.