ചെയിൻ സ്മോക്കറായ ബിനീഷിന്റെ കഥയുമായി ‘തീവണ്ടി’ തിയേറ്ററുകളിലേക്ക്….

June 15, 2018

ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ഒരുക്കുന്ന പുതിയ  ചിത്രം ‘തീവണ്ടി’ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ സിനിമ നിരവധി തവണ പ്രദർശനത്തിന് ഒരുങ്ങിയെങ്കിലും ചില കാരണങ്ങളാൽ പ്രദർശനം ഇതുവരെ നടന്നില്ല, എന്നാൽ ചിത്രം ഓണത്തിന് തിയേറ്ററിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. സെക്കൻഡ് ഷോ എന്ന ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഫെല്ലിനിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘തീവണ്ടി’.

തൊഴിൽ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ്  സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് വിനി വിശ്വലാണ്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തിൽ ടോവിനോയുടെ നായികയായി വേഷമിടുന്നത്.

സുരാജ് വെഞ്ഞാറമ്മൂട് ,സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിൻ സ്മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’.  ചിത്രത്തിലെ നേരെത്തെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. ‘തീവണ്ടി’യിലെ  ‘ജീവംശയമായി’ എന്നു തുടങ്ങുന്ന ഗാനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്. ശ്രേയാ ഘോഷാലും ഹരിശങ്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ടു ദിവസങ്ങൾക്കുള്ളിൽ ആറു ലക്ഷത്തോളം പേരാണ് യൂട്യൂബിലൂടെ ഗാനം കണ്ടത്.

 

.