മൈതാനത്ത് ജീവൻ സമർപ്പിച്ചും ഞങ്ങൾ കളിക്കും ;ആരാധകർക്ക് നന്ദി പറഞ്ഞ് ഛേത്രി

June 5, 2018

ആഘോഷ നിറവിൽ ആരാധകർക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി . ഇന്റർ കോണ്ടിനെന്റൽ കപ്പിലെ രണ്ടാം മത്സരത്തിൽ സുനിൽ ഛേത്രിയുടെ മികവിൽ  ഇന്ത്യയ്ക്ക് തകർപ്പൻ ജയം.  എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കെനിയയെ  ഇന്ത്യ നിലം പരിശാക്കിയത്. ഇന്ത്യൻ ജേഴ്‌സി അണിഞ്ഞുള്ള നൂറാം മത്സരത്തിൽ ഇരട്ട ഗോളാണ്  ഛേത്രി സ്വന്തമാക്കിയത്.

‘നിങ്ങൾ പിന്തുണച്ചാൽ  ജീവൻ സമർപ്പിച്ചും  ഞങ്ങൾ മൈതാനത്ത് കളിക്കും, നമ്മൾ ഒരുമിച്ചായിരുന്ന ഈ രാത്രി എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു, ഗ്യാലറിയിൽ ഇരുന്ന് പിന്തുണച്ചവർക്കും വീട്ടിലിരുന്ന് കാളി ആസ്വദിച്ചവർക്കുമെല്ലാം ഒരുപാട് നന്ദി’ മത്സര ശേഷം ഛേത്രി ട്വിറ്ററിൽ കുറിച്ചു.


കെനിയക്കെതിരെയുള്ള  കളിയിൽ രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ സുവർണ്ണ നേട്ടം. മത്സരത്തിന്റെ 68 ആം മിനിറ്റിലും ഇഞ്ച്വറി ടൈമിലും നായകൻ ഛേത്രി  ഗോൾ നേടിയപ്പോൾ 71ാം മിനിറ്റിലാണ് ജെജെ ലാല്‍പെഖ്‌ലുവ ഇന്ത്യയ്ക്കായി മൂന്നാമത്തെ ഗോള്‍ നേടിയത്.

ടൂർണമെന്റിലെ ആദ്യ കളിയിൽ ചൈനീസ് തായ്പേയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. അതേസമയം മത്സരത്തിലെ  ആദ്യ തോൽവിയാണ് കെനിയയുടേത്.