കൊച്ചിയെ സംഗീത ലഹരിയിലാഴ്ത്തിയ എ ആർ റഹ്മാൻ ഷോ ഈ മാസം 21, 22 തീയതികളിൽ ടെലിവിഷനിലേക്ക്…

July 6, 2018

കൊച്ചിയെ വിസ്മയം കൊള്ളിച്ച  സംഗീത രാജാവ് എ ആർ റഹ്മാന്റെ സംഗീത വിരുന്ന് കാണികളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. കഴിഞ്ഞ മാസം 23, 24 തിയ്യതികളിലായി കൊച്ചി, അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ ഹാളിൽ വെച്ച് ഫ്‌ളവേഴ്‌സ് ടി വി നടത്തിയ എ ആർ റഹ്മാൻ ഷോ ഈ മാസം 21, 22 തിയ്യതികളിൽ വൈകിട്ട് ഏഴു മണിമുതലാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുക.

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്യപൂർവ സംഗീത നിശയ്ക്കാണ് അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്റർ കഴിഞ്ഞ മാസം സാക്ഷിയായത്. ലോകം കീഴടക്കിയ വിസ്മയ രാഗങ്ങളുമായി സംഗീത മന്ത്രികൻ ഏ ആർ റഹ്മാനും സംഘവും അരങ്ങു കീഴടക്കിയപ്പോൾ റഹ്മാൻ ഷോയ്ക്ക് സാക്ഷിയാകാൻ എത്തിയവരെല്ലാം സംഗീത ലഹരിയാൽ മതിമറന്നിരുന്നു.  നേരിട്ട് കാണാൻ സാധിക്കാതിരുന്ന ഷോ  ഏറെ പ്രതീക്ഷയോടെയാണ്  പ്രേക്ഷകർ കാത്തിരിക്കുന്നത്.

ലോകോത്തര നിലവാരമുള്ള ദൃശ്യ-ശ്രവ്യ സങ്കേതങ്ങളുടെ അകമ്പടിയോടെ മാന്ത്രിക സംഗീതം ആസ്വദിക്കാൻ ആയിരങ്ങളാണ് അങ്കമാലിയിൽ എത്തിയിരുന്നത്. സംഗീത ചക്രവർത്തിയുടെ വിസ്മയ രാഗങ്ങൾ ആസ്വദിക്കാനായി കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നും, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും വരെ സംഗീത പ്രേമികൾ കൊച്ചിയിലെത്തിയിരുന്നു.

ബെന്നി ദയാൽ, ഹരിചരൻ സെഷാദ്രി, മിന്മിനി, ശ്വേതാ മോഹൻ, നീതി മോഹൻ, ജോനികാ ഗാന്ധി, റയ്ഹാന, ഇസ്രത് ഖാദ്രി, സാഷാ കിരൺ തിരുപതി, ജാവേദ് അലി, ദിൽഷാദ് ഷാബിർ അഹമ്മദ്, അൽഫോൻസ് ജോസഫ്. ജോർജ്ജ് പീറ്റർ തുടങ്ങിയ പ്രിയ ഗായകരാണ് റഹ്മാൻ മാജിക്കിനോപ്പം രണ്ടു ദിവസം സംഗീത പ്രേമികളെ വിസ്മയിപ്പിച്ചത്.