മഴവെള്ള പാച്ചിലിൽ അകപ്പെട്ടവർക്ക് രക്ഷകനായി ജെസിബി ഡ്രൈവർ ; അതിസാഹസികമായ വീഡിയോ കാണാം

മഴവെള്ള പാച്ചിലിലും ഉരുൾപ്പൊട്ടലിലും അകപ്പെട്ട ഒരു കൂട്ടം ആളുകൾക്ക് രക്ഷകനായി എത്തിയത് ജെ സി ബിയും അതിലെ ഡ്രൈവറും. കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് കുത്തിയൊലിച്ചിറങ്ങിയ വെള്ളത്തിൽ റോഡ് മുറിച്ച് കടക്കാനാവാതെ ഏകദേശം പത്തോളം ആളുകളാണ് മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. മഴവെള്ളപാച്ചിലിനെത്തുടർന്ന് കല്ലുകളും മണ്ണുകളും റോഡിൽ നിറഞ്ഞതോടെ ഈ വഴിയുള്ള ഗതാഗതവും നിലച്ചു.
ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലാണ് സംഭവം. കനത്ത മഴയെത്തുടർന്ന് റോഡിനപ്പുറം കുടുങ്ങികിടന്നവരെ രക്ഷിക്കാൻ പിന്നീട് ജെസിബിയുമായി ഡ്രൈവർ മുന്നോട്ട് വരുകയായിരുന്നു. കനത്ത മഴയിലും മഴവെള്ള പാച്ചിലിലുമായി ഭാഗീകമായി നശിച്ച റോഡിലൂടെ അതിസാഹസികമായി ഡ്രൈവർ ജെ സിബി ഓടിച്ച് അക്കരെയെത്തി ആളുകളെ രക്ഷിക്കുകയായിരുന്നു. ജെസിബിയുടെ മുന്നിലുള്ള കൈയ്യിൽ കയറിയാണ് ശക്തമായ കുത്തൊഴുക്കുള്ള വഴിയിലൂടെ ആളുകൾ മറുകര എത്തിയത്.
അതിശക്തമായ കാറ്റിനും മഴയ്ക്കും ഇടയിലും ആളുകളെ രക്ഷിച്ച ജെസിബി ഡ്രൈവറുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൻ ചർച്ചാ വിഷയമായിരുന്നു. ആളുകളെ രക്ഷിക്കാൻ ഇയാൾ കാണിച്ച സുമനസ്സിന് പ്രശംസയുമായി നിരവധിപ്പേർ എത്തിയിരുന്നു. അതിസാഹസികമായി ആളുകളെ രക്ഷപ്പെടുത്തുന്ന വീഡിയോ കാണാം..