4 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കിടങ്ങിൽ നിന്നും കരയേറി കുട്ടിയാന, ആനക്കൂട്ടത്തിനൊപ്പം ചേർന്നപ്പോൾ- ഹൃദ്യമായ കാഴ്ച

June 9, 2022

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മൃഗങ്ങളുടെ വിഡിയോകൾ ആസ്വദിക്കാൻ വളരെ രസകരമാണ്. എത്ര പിരിമുറുക്കത്തോടെ ഇരിക്കുന്നയാളുടെയും മനസ് ഒന്ന് തണുപ്പിക്കാൻ ഇത്തരം കാഴ്ചകൾ ധാരാളമാണ്. ഇപ്പോഴിതാ, ഒരു കുട്ടിയാനയുടെ സന്തോഷകരമായ വിഡിയോ ശ്രദ്ധനേടുകയാണ്. കിടങ്ങിൽ വീണ കുട്ടിയാനയെ നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ ഐഎഫ്എസ് ഓഫീസറായ പർവീൺ കസ്വാൻ ആണ് ട്വിറ്ററിൽ പങ്കുവച്ചത്.

വൈറലായ വിഡിയോയിൽ, കിടങ്ങിൽ വീണ ആനക്കുട്ടിയെ ഉയർത്താൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത് കാണാം. ആദ്യം അവർ കിടങ്ങ് വലുതാക്കി. ആനയെ കെട്ടാനും മുകളിലേക്ക് വലിക്കാനുമായി ഇത് അവരെ സഹായിച്ചു. നിരന്തരമായ പരിശ്രമത്തിനൊടുവിൽ കുട്ടിയാനയെ രക്ഷാപ്രവർത്തകർ മുകളിലേക്ക് എത്തിച്ചു. ഒടുവിൽ ആനക്കൂട്ടത്തിനൊപ്പം പോകുന്ന കുട്ടിയാനയുടെ വിഡിയോ വളരെയേറെ ശ്രദ്ധനേടി.

അതേസമയം, അമ്മയ്‌ക്കൊപ്പം കാട്ടിൽ കളിച്ച് നടക്കുന്നതിനിടയിൽ പരിക്ക് പറ്റിയ കുട്ടിയാന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിചരണത്തിലിരുന്നതും പരിക്കൊക്കെ ഭേദമായി വനപാലകരുടെ അകമ്പടിയോടെ അമ്മയുടെ അടുത്തേക്ക് മടങ്ങുന്നതുമായ ഒരു വിഡിയോ അടുത്തിടെ ശ്രദ്ധേയമായിരുന്നു.

Read Also: ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

വളരെ സന്തോഷത്തോടെ തുള്ളിച്ചാടിയാണ് കുട്ടിയാന കാടിനുള്ളിലേക്ക് പോകുന്നത്. മുന്നിലും പിന്നിലുമെല്ലാം സുരക്ഷ ഒരുക്കി വനപാലക്കാരുമുണ്ട്. മുന്നിൽ നടക്കുന്ന ഉദ്യോഗസ്ഥനൊപ്പം വേഗത്തിൽ പാഞ്ഞുപോകുകയാണ് കുട്ടിയാന. മൃഗങ്ങളുടെ രസകരമായ വിഡിയോകൾക്ക് വിനോദത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിക്കാനുള്ള കഴിവുണ്ട് എന്ന് നിസംശയം പറയാം. ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ദിവസേന പ്രചരിക്കുന്ന രസകരമായ വിഡിയോകളിൽ ഇത്തരത്തിലുള്ളതും ഉണ്ടാകാറുണ്ട്. 

Story highlights- baby elephant rescued