ജീവൻ നിലനിർത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്; മലയിടുക്കിൽ കുടുങ്ങിക്കിടന്ന ഏഴു ദിവസത്തെ ദുരിത ജീവിതം ഓർത്തെടുത്ത് എയ്ഞ്ചല

July 16, 2018

അപകടത്തിൽ പരിക്കേറ്റ് കുടുങ്ങിക്കിടന്ന യുവതിയെ രക്ഷിച്ച് രക്ഷാപ്രവർത്തകർ. അമേരിക്കയിലെ കാലിഫോർണിയയിൽ ഉണ്ടായ കാറപകടത്തെ തുടർന്ന് എയ്ഞ്ചല എന്ന ഇരുപത്തി മൂന്ന് കാരി മലയിടുക്കിൽ കുടുങ്ങിക്കിടന്നത് ഏഴ് ദിവസം. പോര്‍ട്ട്ലാന്റിലെ വീട്ടില്‍ നിന്ന് ലോസ് ആഞ്ചലോസിലുള്ള സഹോദരിയെ കാണാന്‍ പോയതായിരുന്നു എയ്ഞ്ചല. വഴിയില്‍ കുറുകെ ചാടിയ മൃഗത്തെ രക്ഷിക്കാന്‍ വേണ്ടി കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

എയ്ഞ്ചല  അവിടെ നിന്ന് രക്ഷപ്പെടാനാവാതെ ഏഴ് ദിവസം കുടുങ്ങിക്കിടന്നു. എയ്ഞ്ചലയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കളും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് എയ്ഞ്ചലയുടെ വാഹനം ഹൈവേയിലെ  പെട്രോൾ പമ്പിന്റെ സിസിടിവിൽ പതിഞ്ഞതായി കണ്ടെത്തിയത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എയ്ഞ്ചല ഓടിച്ച  വാഹനം മലയിടുക്കിൽ കുടുങ്ങിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് രക്ഷാപ്രവർത്തകർ എയ്ഞ്ചലയെ കണ്ടെത്തുകയായിരുന്നു. രക്ഷാപ്രവർത്തകർ അര്‍ദ്ധബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയുടെ തോളിന് പരിക്കേറ്റിട്ടുണ്ട്. റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് താന്‍ ഇത്രയും ദിവസം കഴിഞ്ഞതെന്ന് ബോധം വന്ന ശേഷം യുവതി പറഞ്ഞു.