പാലാരിവട്ടത്തെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത് ദേവി ചന്ദന- പിന്നിൽ ഒരു വലിയ അപകടത്തിന്റെ കഥ!

December 1, 2022

മലയാളികളുടെ പ്രിയങ്കരിയാണ് ദേവി ചന്ദന. ചിരി വിരുന്നിലൂടെ ആളുകളെ രസിപ്പിക്കുന്ന താരം ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിലൂടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ജീവിതത്തിലുണ്ടായ അപകടവും അതിനെത്തുടർന്ന് പാലാരിവട്ടത്ത് സിഗ്നൽ ലൈറ്റ് സ്ഥാപിക്കേണ്ടി വന്നതുമൊക്കെ രസകരമായാണ് ദേവി ചന്ദന പങ്കുവയ്ക്കുന്നത്.

ഭർത്താവ് കിഷോർ വിദേശത്ത് പരിപാടി അവതരിപ്പിച്ചതിന് ശേഷം എത്തിയപ്പോഴാണ് ദേവി ചന്ദന കോഴിക്കോട് ഒരു പരിപാടി ഏറ്റിട്ടുണ്ടെന്നും ഡ്രൈവർ ഇല്ലെന്നും അറിയിച്ചത്. യാത്രചെയ്തതിന്റെ ക്ഷീണവും മൈഗ്രെയ്‌ന്റെ പ്രശ്നവുമൊക്കെ ഉണ്ടെങ്കിലും ഒരുമണിക്കൂർ ഉറങ്ങി കിഷോർ വണ്ടിയെടുത്തു. ഒപ്പം അങ്ങ് വരെ സംസാരിച്ചിരിക്കാൻ വൈറ്റിലയിൽ നിന്നും ഒരു സുഹൃത്തിനെയും ഒപ്പംകൂട്ടി. കോഴിക്കോട് എത്തി പരിപാടിയൊക്കെ ഭംഗിയായി നടന്നു. തിരികെയും കിഷോർ ഡ്രൈവ് ചെയ്തു.

വൈറ്റിലയിൽ സുഹൃത്തിന്റെ ഡ്രോപ്പ് ചെയ്ത ശേഷം ഇനി ഇടപ്പള്ളി വരെ പോയാൽ മതിയല്ലോ വെളുപ്പിനെ മൂന്നുമണിയാണ്, വലിയ തിരക്കുമില്ല എന്ന് തോന്നിയ കിഷോർ വണ്ടി ദേവി ചന്ദനയെ ഏൽപ്പിച്ചു. ഡ്രൈവിംഗ് പഠിച്ചിട്ടുള്ള ദേവി ചന്ദന, പേടിയോടെ വണ്ടി എടുത്തെങ്കിലും പതിയെ സ്പീഡ് കൂടിത്തുടങ്ങി. പാലാരിവട്ടത്ത് എത്തിയപ്പോൾ വണ്ടി വഴിയിലെ പലതും ഇടിച്ചുതെറിപ്പിച്ച് നീങ്ങി. ഇനിയൊന്നും ചെയ്യാൻ ഇല്ല എന്ന് മനസിലായ കിഷോർ സീറ്റ് ബെൽറ്റൊക്കെ ഇട്ട് റെഡിയായി ഇരുന്നു. ഒടുവിൽ വണ്ടി സിഗ്നൽ ലൈറ്റിൽ പോയി ഇടിച്ചുനിന്നു.

Read Also: വെള്ളത്തിൽ പതിയിരുന്ന് ആക്രമിക്കാനെത്തി കൂറ്റൻ മുതല; അമ്പരപ്പിക്കുന്ന റിഫ്ലെക്സ്‌ ആക്ഷനിലൂടെ രക്ഷപ്പെട്ട് മാൻ- വിഡിയോ

പബ്ലിക് പ്രോപ്പർട്ടി നശിപ്പിച്ചാൽ അത് സ്വയം വെച്ചുനൽകുകയോ അതിനുള്ള പണം നൽകുകയോ ചെയ്യണം. എന്തായാലും കിഷോറും ദേവി ചന്ദനയും ചേർന്ന് ലൈറ്റും സ്ഥാപിച്ചുനൽകി. മറ്റു നാശനഷ്ടങ്ങൾ പരിഹരിക്കുകയും ചെയ്തുവെന്ന് ഇരുവരും ചിരിയോടെ പങ്കുവയ്ക്കുന്നു.

Story highlights- devi chandana about accident