എയർബാഗുള്ളപ്പോൾ സീറ്റ് ബെൽറ്റ് ഇടണോ..; മറുപടിയുമായി കേരള പോലീസ്

September 15, 2022

വാഹനാപകടങ്ങൾ വളരെ കൂടി വരുന്ന ഒരു സമയമാണിത്. പലപ്പോഴും അമിതവേഗതയും ശ്രദ്ധക്കുറവും തന്നെയാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത്. വാഹനത്തിലിരിക്കുന്നവരുടെ സുരക്ഷയ്ക്കായാണ് സീറ്റ് ബെൽറ്റും എയർ ബാഗും ഉള്ളത്. മിക്കപ്പോഴും അപകടങ്ങളിൽ നിന്ന് ആളുകൾ അത്ഭുതകരമായി രക്ഷപ്പെട്ട വരുന്നതിന് സീറ്റ് ബെൽറ്റും എയർ ബാഗും വലിയ പങ്ക് തന്നെ വഹിക്കുന്നുണ്ട്.

എന്നാൽ വാഹനം ഉപയോഗിക്കുന്നവരുടെ വലിയ ഒരു സംശയമാണ് ഇത് രണ്ടും ഒരേ പോലെ ഉപയോഗിക്കേണ്ടതുണ്ടോ എന്ന ചോദ്യം. എയർ ബാഗുള്ളപ്പോൾ സീറ്റ് ബെൽറ്റ് ഇടേണ്ട ആവശ്യമെന്താണ് എന്ന് പലരും ചോദിക്കാറുണ്ട്. ഇപ്പോൾ ഈ ചോദ്യത്തിനുള്ള മറുപടി നൽകിയിരിക്കുകയാണ് കേരള പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് പോലീസ്, വാഹനത്തിൽ എയർ ബാഗുള്ളപ്പോഴും സീറ്റ് ബെൽറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി പറയുന്നത്.

കേരള പോലീസ് പങ്കുവെച്ച കുറിപ്പ്

“സീറ്റ്​ ബെൽറ്റും എയർബാഗും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്​. യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് ഇതു രണ്ടും. സീറ്റ് ബെൽറ്റും (primary restraint system – PRS) ഉം എയർ ബാഗും (supplementary restraint system -SRS) സംയോജിതമായിട്ട് പ്രവർത്തിച്ചാൽ മാത്രമെ 70 കി.മീ മുകളിലേക്കുള്ള സ്പീഡിൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ഇട്ടാൽ പോലും രക്ഷയുള്ളൂ എന്നതാണ് വാസ്തവം. ഓടുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും ശരീരത്തിനും. വാഹനം പെട്ടെന്ന് നിന്നാലും ശരീരത്തിന്റെ വേഗം കുറയില്ല. അതിനാലാണ് ശരീരത്തിന് കനത്ത ആഘാതമേൽക്കുന്നത്. ഇത് തടയാനാണ് സീറ്റ്‌ ബെൽറ്റ്.

വാഹനം അപകടത്തിൽപ്പെട്ടാൽ സെക്കൻഡുകൾക്കുള്ളിൽ എയർബാഗ് തുറക്കും. വൻശക്തിയോടെയായിരിക്കും എയർബാഗുകൾ വിരിയുക. ബെൽറ്റിട്ടില്ലെങ്കിൽ എയർബാഗിന്റെ ശക്തിയിൽ മുന്നിലെ യാത്രക്കാരന് ഗുരുതര പരിക്കേൽക്കാൻ സാധ്യതയുണ്ട്. സീറ്റ്‌ ബെൽറ്റ് ധരിച്ചാൽ യാത്രക്കാരന്റെ മുന്നോട്ടായൽ കുറയും. തലയിടിക്കാതെ എയർബാഗ് വിരിയുകയും ചെയ്യും.

സീറ്റ്​ ബെൽറ്റ്​ ഇട്ടില്ലെങ്കിൽ ചിലപ്പോൾ എയർബാഗ്​ തുറക്കുന്നതുകൊണ്ട്​ പ്രയോജനം ലഭിക്കില്ല, എന്നുമത്രമല്ല പരിക്ക്​ ഇരട്ടിയാകാനും സാധ്യതയുണ്ട്​. മാത്രമല്ല പല വാഹനങ്ങളിലും എയർ ബാഗ് പ്രവർത്തിക്കുന്നതിന്​ സീറ്റ്​ ബെൽറ്റ്​ ഇടേണ്ടത്​ നിർബന്ധമാണ്​. ആധുനിക സെൻസർ സംവിധാനങ്ങളുള്ള വാഹനങ്ങൾ ഇത്തരത്തിലുള്ളതാണ്​. പിന്നിലെ യാത്രക്കാരും സീറ്റ്‌ ബെൽറ്റ് നിർബന്ധമായും ഇടണം. വാഹനം അപകടത്തിൽപ്പെടുമ്പോൾ പിന്നിലെ സീറ്റ്‌ ബെൽറ്റിടാത്ത യാത്രക്കാർ പുറത്തേക്ക് തെറിച്ചുപോകാനും സാധ്യതയുണ്ട്. ആഘാതത്തിൽ പരിക്കും കൂടുതലായിരിക്കും.

സീറ്റ് ബെൽറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ശരീരത്തിന്റെ മുന്നോട്ടുള്ള ആക്കം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ്. ആക്സിഡന്റിന്റെ ഭാ​ഗമായി വാഹനത്തിന്റെ വേ​ഗത പെട്ടെന്ന് കുറയുകയും പക്ഷെ വാഹനത്തിന്റെ അതേ വേ​ഗതയിലായിരുന്ന നമ്മുടെ ശരീരം മുന്നോട്ടായുകയും വാഹനത്തിനുള്ളിൽ കൂട്ടിയിടികളുണ്ടാവുകയും ചെയ്യുന്നു. ഈ ഇടികളിൽ നിന്നും നമ്മെ പിടിച്ച് നിർത്തുകയാണ് സീറ്റ് ബെൽറ്റ് ചെയ്യുന്നത്. ഒപ്പം ഉയർന്നുവരുന്ന എയർബാ​ഗ് ഇടിയുടെ ഭാ​ഗമായുണ്ടാകുന്ന ആഘാതത്തിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. സീറ്റ് ബെൽറ്റ് ഇല്ലാതെ, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുള്ള ആഘാതം മരണത്തിലേക്ക് നയിച്ചേക്കാം, അതേസമയം സീറ്റ് ബെൽറ്റ് ഘടിപ്പിക്കുമ്പോൾ, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുള്ള അതേ ആഘാതം ചെറിയ പരിക്കുകൾക്ക് മാത്രമേ കാരണമാകൂ. എയർബാ​ഗിന് തനിച്ച് നമ്മളെ അപകടത്തിൽ നിന്നും രക്ഷിക്കാനാവില്ല. വാഹനത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ഉപകരണം സീറ്റ് ബെൽറ്റ് തന്നെയാണ്. എസ് ആർ എസ് എയർബാ​ഗ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിന്റെ പൂർണരൂപം സപ്ലിമെന്റൽ റിസ്ട്രെയിന്റ് സിസ്റ്റം എന്നാണ്. അതായത് നമ്മുടെ ജീവൻ രക്ഷിക്കുന്നതിനുള്ള അനുബന്ധ ഉപകരണം മാത്രമാണ് എയർബാ​ഗ്. വലിയൊരുശതമാനം അപകടങ്ങളിലും യാത്രക്കാരുടെ ജീവൻ സംരക്ഷിക്കപ്പെട്ടത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു എന്നതിനാലാണ്. അതുകൊണ്ടുതന്നെ സീറ്റ് ബെൽറ്റ് എന്തായാലും ധരിക്കണം ഒപ്പം എയർബാ​ഗും വേണം. രണ്ടും കൂടി ചേർന്നതാണ് നമ്മുടെ സുരക്ഷ.

Read More: ബിഗ് സ്‌ക്രീനിൽ സ്വന്തം മുഖം കണ്ട് കരച്ചിലടക്കാനാവാതെ ‘നങ്ങേലി’; പത്തൊമ്പതാം നൂറ്റാണ്ടിലെ നായികയുടെ ഹൃദ്യമായ നിമിഷം-വിഡിയോ

ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കൾ 2016 ൽ നടത്തിയ പഠനം കണ്ടെത്തിയത് പ്രതിദിനം 15 പേരുടെ മരണം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു എന്നാണ്.”

Story Highlights: Kerala police about the importance of wearing seat belt