മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തെറിഞ്ഞ് ലിവർപൂൾ; ബൈസിക്കിൾ കിക്ക് ഗോളുമായി ഷാക്കിരി

July 29, 2018

ഇന്റർ നാഷണൽ ചാമ്പ്യൻസ് ഫുട്ബോൾ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിലംപരിശാക്കി ലിവർപൂൾ. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുമായി  ലിവർപൂൾ  മികച്ച വിജയം കരസ്ഥമാക്കിയപ്പോൾ ബൈസിക്കിൾ ഗോളുമായി എത്തിയ ഷർദൻ  ഷാക്കിരിയുടെ  പ്രകടനമാണ് ആരാധകരെ ആവേശം കൊള്ളിച്ചത്. ഈ സീസണില്‍ സ്റ്റോക്ക്‌സിറ്റിയില്‍ നിന്ന് എത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ താരമാണ്  ഷാക്കിരി. പകരക്കാരനായി രണ്ടാം പകുതിയിൽ ഇറങ്ങിയ ഷാക്കിരി  82ാം മിനിറ്റിലാണ് ഗോൾ നേടിയത്. സ്റ്ററിഡ്ജ് നേടിയ ഗോളിന് വഴിയൊരുക്കിയതും ഷാക്കിരിയായിരുന്നു.

അതേസമയം ഷാക്കിരിയുടെ സാന്നിധ്യം ലിവര്‍പൂളില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നും ടീം ഘടനയില്‍ ഏത് പൊസിഷനിലും ഷക്കീരിക്ക് കളിക്കാനാകുമെന്നും ലിവര്‍പൂള്‍ കോച്ച് ക്ലോപ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകളെ ശരിവെക്കുന്നതായിരുന്നു കളത്തില്‍ ഷാക്കിരിയുടെ പ്രകടനം.

സാദിയോ മാനെ, ഡാനിയേല്‍ സ്റ്ററിഡ്ജ്, ഷെയി ഓജോ എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്.  എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍  ആന്‍ഡ്രേസ് പെരേ ആണ് ടീമിനായി  ഗോള്‍ നേടിയത്. പ്രീമിയർ ലൈറ്റിങ് പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് മാഞ്ചെസ്റ്ററുടെ നാണം കെട്ട തോൽവി.