അതിർത്തിക്കൊപ്പം മനസും കീഴടക്കി മലയാളി ജവാൻ; വൈറലായ വീഡിയോ കാണാം
തീവ്രവാദി സാന്നിധ്യത്തെകുറിച്ചുള്ള സംശയത്തെത്തുടർന്ന് അതിർത്തിയിൽ പട്രോളിങ്ങിന് ഇറങ്ങിയ സൈന്യത്തിലെ ജവാന്റെ പാട്ട് വൈറലായി. മലയാളിയായ പാലക്കാട് സ്വദേശി സി ആർ പി എഫ് ജവാൻ തെക്കേപ്പുര വി സതീഷ് കുമാറിന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ‘പൂമരം പൂത്തുലഞ്ഞേ… പൂവാകയിൽ പൂത്തുമ്പി പാറി വന്നേ’ എന്ന് തുടങ്ങുന്ന നാടൻ പാട്ടാണ് സതീഷ് സഹപ്രവർത്തകർക്ക് വേണ്ടി പാടിയത്.
നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയിൽ സേവനമനുഷ്ഠിക്കുന്ന ജവാനാണ് സതീഷ്. അതിർത്തിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ജോലിക്ക് പോകുന്നതിന് തയാറാവുന്നതിനിടെയാണ് സതീഷ് സഹപ്രവർത്തകർക്ക് വേണ്ടി പാട്ടുപാടിയത്. ഈ ഗാനം കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്ത് പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു. തുടർന്ന് മറ്റ് സൈനികരും വീഡിയോ ഷെയർ ചെയ്തതോടെ പാട്ട് വൻ ഹിറ്റായി. സതീഷിന്റെ പാട്ടിനൊപ്പം മലയാളം അറിയില്ലാത്ത ജവാന്മാരും താളമിടുന്നതും വിഡിയോയിൽ കാണാം.
തീവ്രവാദി സാന്നിദ്ധ്യത്തെക്കുറിച്ചുള്ള സംശയത്തെ തുടർന്ന് അതിർത്തിയിൽ സുരക്ഷയ്ക്ക് നിൽക്കുന്ന സൈനികരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായാണ് താൻ പാട്ട് പാടിയതെന്ന് സതീഷ് പറഞ്ഞു. സതീഷിന്റെ പാട്ട് കേട്ട് നിരവധി പേരാണ് പ്രശംസകളുമായി രംഗത്തെത്തിയത്.