ലോകത്തിന് മാതൃകയായി ഒരമ്മയും മക്കളും; തൂപ്പുകാരിയായ അമ്മയുടെ മക്കളെ കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ

July 12, 2018

ജാർഖണ്ഡിലെ  രാജപ്ര മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരിയായിരുന്നു  സുമിത്ര ദേവി. കഴിഞ്ഞ ദിവസം ജോലിയിൽ നിന്നും റിട്ടയറായ ഈ അമ്മയ്ക്ക് മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥർ ചേർന്ന് യാത്രയയപ്പ് സമ്മേളനം  സംഘടിപ്പിച്ചു.  വർഷങ്ങളോളം മുനിസിപ്പാലിറ്റിയെ വൃത്തിയാക്കി സൂക്ഷിച്ച സുമിത്രാ ദേവിയുടെ വിടവാങ്ങൽ ചടങ്ങിലേക്ക് പക്ഷെ  അപ്രതീക്ഷതമായി മൂന്നു അതിഥികളെത്തി..ഒരാൾ ജില്ലാ കളക്ടർ…മറ്റൊരാൾ ഇന്ത്യൻ റെയിൽവേയിലെ ഉന്നത എൻജിനീയർ..മൂന്നാമൻ എം ഡി ബിരുദമുള്ള നല്ല അസ്സൽ ഡോക്ടർ..!സുമിത്രാ ദേവിയുടെ യാത്രയയപ്പും ഈ അപ്രതീക്ഷിത അതിഥികളും തമ്മിലെന്താണ് ബന്ധമെന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ  ആശ്ചര്യപ്പെട്ടിരിക്കവേ മൂവരും വന്ന് സുമിത്രാ ദേവിയുടെ കാൽ തൊട്ടു വന്ദിച്ചു.. കളക്ടറും ഡോക്ടറും എൻജിനീയറും എന്തിനാണ് സുമിത്രാ ദേവിയിൽ നിന്നും അനുഗ്രഹം വാങ്ങുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം ആരംഭിക്കുന്നത് പോരാളിയായ ഒരു അമ്മയുടെയും അവരുടെ മിടുക്കരായ മൂന്നു മക്കളുടെയും കഥയിൽ  നിന്നാണ്..  ഇനി നമുക്കാ കഥ പറയാം..!

 

കഴിഞ്ഞ 30 വർഷമായി രാജപ്ര മുനിസിപ്പാലിറ്റിയിലെ ഗ്രേഡ് 4 ജീവനക്കാരിയാണ് സുമിത്രാദേവി.മുനിസിപ്പാലിറ്റി ക്ലീനറായി ജോലി ചെയ്തുകൊണ്ട് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് തന്റെ മൂന്നു ആണ്മക്കളെയും അവർ വളർത്തിയത്.പക്ഷെ പരിമിതമായ ജീവിത സാഹചര്യങ്ങൾക്കിടയിലും മക്കളെ വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച സുമിത്രാ ദേവിയുടെ മക്കൾ മിടുക്കരായി തന്നെ വളർന്നു. മൂത്ത മകൻ വിരേന്ദ്ര കുമാർ റെയിൽവേയിലെ എൻജിനീയറായപ്പോൾ രണ്ടാമൻ ധീരേന്ദ്ര കുമാർ  എം ഡി ബിരുദമുള്ള ഡോക്ടറായി..  മഹേന്ദ്രകുമാർ, സുമിത്രാ ദേവിയുടെ മൂന്നാമത്തെ മകൻ  ഇന്ന് ബിഹാറിലെ സിവാൻ ജില്ലയുടെ കളക്ടറാണ്..

സമൂഹത്തിലെ ഏറ്റവും ഉയർന്ന  മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന ഈ മക്കളെയല്ലാം ‘അമ്മ പഠിപ്പിച്ചത് മുനിസിപ്പാലിറ്റിയിലെ  ജോലിയിലൂടെ കിട്ടുന്ന വരുമാനത്തിലൂടെയാണ്. കഴിഞ്ഞ മുപ്പത് വർഷങ്ങളായി സുമിത്ര ദേവി മുനിസിപ്പാലിറ്റി വൃത്തിയാക്കുന്ന  ജോലിയാണ് ചെയ്തു വരുന്നത്. മക്കൾ വളർന്ന് ജോലിക്കാരായതിനുശേഷവും സുമിത്ര ദേവി ഈ ജോലി തുടർന്നു.

അമ്മയെക്കുറിച്ചും അമ്മയുടെ ജോലിയെക്കുറിച്ചും വാതോരാതെ സംസാരിച്ച മക്കൾ  ‘അമ്മ ഞങ്ങളെ പഠിപ്പിച്ചത് ഈ ജോലിയിലൂടെ പണം സമ്പാദിച്ചാണ് ഈ ജോലിയെയും അമ്മയെയും  ഞങ്ങൾ ബഹുമാനിക്കുന്നു. അതിനാൽ ഈ ജോലി ചെയ്യുന്നതിൽ ഞങ്ങൾക്ക് നാണക്കേടില്ല എന്നായിരുന്നു അവർ പറഞ്ഞത്. തന്റെ ജോലിയിൽ അഭിമാനമുള്ള മക്കൾ തനിക്കൊപ്പമുള്ളപ്പോൾ ഈ ജോലിയെടുക്കുന്നതിന് എന്തിന് മടിക്കണം എന്നായിരുന്നു ഈ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്.