പ്രണയം പറഞ്ഞ് രമ്യയും കെവിനും; വീഡിയോ ഗാനം കാണാം…

July 7, 2018

രമ്യ നമ്പീശൻ നായികയായി എത്തുന്ന പുതിയ ചിത്രം  ‘നാട്പുന എന്നാണ് തെരിയുമാ’ യുടെ വീഡിയോ ഗാനം പുറത്തിറങ്ങി.  ടെലിവിഷൻ അവതാരകനായി  എത്തി പ്രേക്ഷക മനം കീഴടക്കിയ കെവിനാണ് ചിത്രത്തിൽ രമ്യ നമ്പീശന്റെ നായകനായി എത്തുന്നത്. കെവിൻ പ്രധാന കഥാപാത്രമായെത്തുന്ന ആദ്യ ചിത്രമാണ് ‘നാട്പുന എന്നാണ് തെരിയുമാ’. നവാഗതനായ ശിവ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിലെ ഗാനങ്ങളും പ്രണയം തുളുമ്പുന്നവയാണ്. അന്തർ ബൾട്ടി എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ആലിഷ തോമസും ഹരിചരണും ചേർന്നാണ്  ഗാനം ആലപിച്ചിരിക്കുന്നത്.

സുഹൃത്തുക്കളായ മൂന്ന് ആൺകുട്ടികൾക്ക് ഒരു പെൺകുട്ടിയോട് തോന്നുന്ന പ്രണയമാണ് ‘നാട്പുന എന്നാണ് തെരിയുമാ’എന്ന സിനിമയുടെ പ്രമേയം.  രമ്യ നമ്പീശനും കെവിനും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന സിനിമയിൽ അരുൺരാജാ കാമരാജ്‌, രാജു ജയാനന്ദൻ എന്നിവരും അഭിനയിക്കുന്നുണ്ട്.  ജൂലൈ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.