മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവുമായി കോഴിക്കോടുകാർ…

July 27, 2018

കാലവർഷം കഠിനമായതോടെ കേരളത്തിലെ പല സ്ഥലങ്ങളിലെയും ആളുകൾ ദുരിതത്തിലാണ്. പലർക്കും അവരുടെ വീടുകളും സാധനങ്ങളും ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് താമസം മാറ്റേണ്ടി വന്നു. ഈ ദുരിത ബാധിതർക്ക് ആശ്വാസമായി എത്തുകയാണ് കോഴിക്കോടുള്ള കുറെ നല്ല ആളുകൾ. കോഴിക്കോട് ജില്ലാ ഭരണകൂടം ദുരിത ബാധിതർക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കളുമായി കോഴിക്കോട് നിന്നും ഒരു വാഹനം ആലപ്പുഴക്കും കോട്ടയത്തേക്കും തിരിച്ചിരിക്കുകയാണ്.

ആലപ്പുഴയിലും കോട്ടയത്തുമുള്ള ദുരിതബാധിതരെ സഹായിക്കാന്‍ ജില്ലാഭരണകൂടം ആവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികളും സംഘടനകളും വീട്ടമ്മമാരുമെല്ലാം സഹായവുമായി രംഗത്തെത്തി. ദുരിത മേഖലയിലേക്ക് വെള്ളവും ഏഴിനം ഭക്ഷ്യസാധനങ്ങളും എത്തിക്കാനായിരുന്നു ജില്ലാഭരണകൂടത്തിന്റെ അപേക്ഷ. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ  സഹായവുമായാണ് കോഴിക്കോടുകാർ എത്തിയത്. ആലപ്പുഴയിലേയും  കോട്ടയത്തേയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി  രണ്ട് വാഹനങ്ങളിലായാണ് ഭക്ഷ്യ സാധനങ്ങൾ കോഴിക്കോട് നിന്നും കൊണ്ടുപോയത്.