17 വർഷങ്ങൾക്ക് ശേഷം സത്യനും-ശ്രീനിവാസനും ഒന്നിക്കുന്നു; ഫഹദിനൊപ്പം നായികയായി നിഖിലയും

July 5, 2018

നിരവധി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സത്യൻ ശ്രീനിവാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം ഉടൻ. 17 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നത് ഫഹദ് ഫാസിലാണ്. ഒരു പ്രണയ കഥ എന്ന മലയാളികളുടെ പ്രിയപ്പെട്ട സിനിമയ്ക്ക് ശേഷം സത്യനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സത്യൻ, ശ്രീനിവാസൻ, ഫഹദ് എന്നീ മലയാള സിനിമയിലെ വിലപ്പെട്ട താരങ്ങൾക്കൊപ്പം ചിത്രത്തിൽ നായികയായി എത്തുന്നത് നിഖില വിമലാണ്.

‘ലൗ 24 ഇന്റു സെവൻ’ എന്ന സിനിമയിലൂടെ മലയാള സിനിമയിലരങ്ങേറ്റം കുറിച്ച നായിക ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ്. ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രകാശൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പി ആർ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റുന്ന ചെറുപ്പകാരനിലൂടെയാണ് കഥ നീങ്ങുന്നത്. ചിത്രത്തിന് ആദ്യം ‘മലയാളി’ എന്ന്  പേരിട്ടിരുന്നെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു. പുതിയ പേര് ചിത്രത്തിന്റെ അണിയറ  പ്രവത്തകർ പുറത്തുവിട്ടിട്ടില്ല.

ജോമോന്റെ സുവിശേഷങ്ങൾക്ക് ശേഷം ഫുൾ മൂൺ സിനിമാസിന്റെ ബാനറിൽ  സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രമാണിത്. പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെ പി എസ് സി ലളിത,  സബിത ആനന്ദ്, മറിമായം  മഞ്ജു എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഷാൻ റഹ്മാനാണ്. ജൂലൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.