റേസിങ്ങിൽ അത്ഭുതമായി കോഴിക്കോടുകാരനായ ഈ രണ്ടാം ക്ലാസുകാരൻ…
ഏഴു വയസുകാരൻ ഷോണാൽ കുനിമലിന് കാറുകളോടാണ് പ്രിയം. അത് കളിപ്പാട്ട കാറുകളല്ല …റേസിങ് ട്രാക്കിലെ കാറുകൾ. ഈ കൊച്ചു മിടുക്കൻ ഷോണാലിന്റെ വീട് നിറയെ കാറുകളാണ്. ചെറിയ പ്രായം മുതൽ ഷോണാലിന്റെ അഭിരുചി മനസിലാക്കി മാതാപിതാക്കൾ വാങ്ങി നൽകിയ റേസിങ് കാറുകൾ. കോഴിക്കോട് മേരിക്കുന്നു സ്വദേശി ഷോജിയുടെ മകനായ ഷോണാൽ ചുരുങ്ങിയ കാലം കൊണ്ട് കാർ റേസിങ് ലോകത്ത് വിസ്മയം തീർത്തിരിക്കുകയാണ്.
ഒമാനിലെ ഓട്ടോ മൊബൈൽ ക്ലബ് അംഗങ്ങളായ പിതാവ് ഷോജിയും മാതാവ് ഡോ.നബ്രീസിയും വിനോദത്തിനായി റേസിംഗ് കാറുകൾ ഓടിച്ചിരുന്നു. ഇതാണ് കുഞ്ഞ് ഷോണാലിനു കാർ റേസർ ആകാനുള്ള പ്രചോദനമായത്. രണ്ടാം വയസിൽ അച്ഛന്റെ മടിയിലിരുന്നാണ് ഷോണാൽ ആദ്യമായി കാറിന്റെ വളയം പിടിച്ചു തുടങ്ങിയത്. മറ്റ് കുട്ടികൾ കമ്പ്യൂട്ടറിൽ ഗെയിം കളിക്കുമ്പോഴും ടെലിവിഷൻ കാണുമ്പോഴും ഷോണാൽ റേസിങ് കാറുകളിലാണ് തന്റെ സമയം കണ്ടെത്തിയത്.
ട്രാക്കിലും റേസിലും അത്ഭുതം സൃഷ്ടിക്കുന്ന ഈ കൊച്ചു മിടുക്കൻ രണ്ട് രാജ്യാന്തരമൽസരങ്ങളിലായി പതിനാറ് റേസുകളിലാണ് ഈ ചെറിയ കാലഘട്ടം കൊണ്ട് മികവു തെളിയിച്ചത്. പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ ബാലന്റെ കുതിപ്പ് കാർ റേസിംഗ് ലോകത്ത് ചരിത്രം സൃഷ്ടിക്കുമെന്നുള്ള വിശ്വത്തിലാണ് ഷോണാലിന്റെ മാതാപിതാക്കൾ. കാർ റേസിങ്ങിലെ രാജാവായ മൈക്കിൾ ഷുമാക്കറെ പോലെ കാർ റേസിങ്ങിൽ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങുന്ന ഈ കൊച്ചുമിടുക്കന്റെ അത്ഭുത പ്രകടനം കണ്ട് നിരവധി ആളുകളാണ് പ്രശംസയുമായി എത്തുന്നത്.