പ്രതികാര ദാഹിയായി തൃഷ; ‘മോഹിനി’ ഉടൻ തിയേറ്ററുകളിലേക്ക്….

July 21, 2018

അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ പ്രാവീണ്യം കൊണ്ടും ആരാധക മനസിൽ ഇടം നേടിയ താരമാണ് തൃഷ. തൃഷ നായികയായി എത്തുന്ന പുതിയ ഹൊറർ ചിത്രം ‘മോഹിനി’യാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്ന ചിത്രം. ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. ജൂലൈ 27 നായിരിക്കും ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുക.

ലണ്ടന്‍, റഷ്യ, ചെന്നൈ, വാഗമണ്‍, ചോറ്റാനിക്കര  എന്നിവിടങ്ങളില്‍ വെച്ചു ചിത്രീകരിച്ചിരിക്കുന്ന മോഹിനിയുടെ രചനയും സംവിധാനവും ആര്‍ മാതേഷാണ് നിർവഹിച്ചിരിക്കുന്നത്. മോഹിനി, വൈഷ്ണവി എന്നീ രണ്ട് കഥാപാത്രങ്ങളായാണ് താരം ചിത്രത്തിൽ എത്തുന്നത്. ലണ്ടനിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ചീഫ്  എഞ്ചിനീയറായി ജോലിചെയ്യുന്ന മോഹിനി അവിടെ നടക്കുന്ന മനുഷ്യത്വ രഹിതമായ ചില പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതും അതെതുടർന്ന് മോഹിനിയെ കമ്പനിയിലെ ചെയർമാൻ കൊല്ലുന്നതുമാണ് കഥയുടെ പ്രമേയം.

പിന്നീട് വൈഷ്‌ണവി എന്ന ഷെഫിൽ  മോഹിനിയുടെ ആത്മാവ് കയറുന്നതും തന്നെ അതിദാരുണമായി കൊലപ്പെടുത്തിയവരെ നശിപ്പിക്കുന്നതിനായി പ്രതികാര ദാഹിയായി നടക്കുന്നതുമാണ് ചിത്രം. തന്റെ കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്ക് വേണ്ടി ആറു മാസക്കാലം ആയോധനകലയിൽ പരിശീലനം തൃഷ നേടിയിരുന്നു.  സുരേഷ്, പൂര്‍ണിമ ഭാഗ്യരാജ്, മുകേഷ് തിവാരി, ജാക്കി ഭഗ്‌നാനി, യോഗി ബാബു, ലൊല്ലുസഭാ സാമിനാഥന്‍, ഗണേഷ് വിനായകം, ശ്രീരഞ്ജിനി, രമ എന്നിവരാണ് ചിത്രത്തിലെ  മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന് വേണ്ടി ആര്‍ ബി ഗുരുദേവ് ഛായാഗ്രഹണവും വിവേക്-മെര്‍വിന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.