കാടിന്റെ മകന് ഇത് അഭിമാന നിമിഷം…
പതിനെട്ട് വർഷങ്ങൾക്കു മുമ്പ് കാടിന്റെ മുഴുവൻ സ്പനന്ദനവും അറിഞ്ഞിരുന്ന ഒരു ബാലനായിരുന്നു വിനോദ്. എന്നാൽ ഇന്ന് കാടിന്റെ മാത്രമല്ല നാടിൻറെയും അഭിമാനമായി മാറിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. കുസാറ്റിൽ നിന്നും ഇക്കണോമിക്സിൽ 10 ൽ 7 .5 ഗ്രേഡുനേടി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ.
നിലമ്പൂരിലെ കരുളായി വനത്തിലെ ആദിമ ഗോത്ര വിഭാഗമാണ് ചോലനായ്ക്കർ. ഏഷ്യൻ വൻകരയിലെ തന്നെ അവശേഷിക്കുന്ന ഗുഹ നിവാസികളാണ് ചോലനായ്ക്കർ. ഈ വിഭാഗത്തിലെ മണ്ണള ചെല്ലൻറെയും വിജയയുടെയും മകനാണ് വിനോദ്.
പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് കരുളായി വനത്തിലെ ഗുഹയിലെത്തിയ കിർത്താഡ്സ് ഉദ്യോഗസ്ഥരാണ് വിനോദിനെ നാട്ടിലെത്തിച്ച് മികച്ച വിദ്യാഭ്യാസം നൽകിയത്. പഴം നൽകാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് വിനോദിനെ ഉദ്യോഗസ്ഥർ കാടിറക്കിയത്. ഉയർന്ന മാർക്കു വാങ്ങി ജയിച്ച് ഗോത്രത്തിലെ ആദ്യബിരുദാനന്തര ബിരുദധാരിയായിരിക്കുകയാണ് വിനോദ്. ഇപ്പോൾ എം ഫിൽ പ്രവേശന പരീക്ഷയ്ക്ക് തയാറെടുത്തുകൊണ്ടിരിക്കുകയാണ് വിനോദ്. സിവിൽ സർവീസ് എന്ന മോഹവും ഉള്ളിലുള്ള വിനോദ് ഇനി ജോലി നേടിയതിന് ശേഷം തുടർ പഠനം എന്ന ലക്ഷ്യത്തോടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.