ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങുമായി ജല ആംബുലൻസ്…

July 24, 2018

കാലവർഷം കഠിനമായതോടെ കേരളത്തിലെ പല സ്ഥലങ്ങളിലെയും ആളുകൾ ദുരിതത്തിലാണ്. പലർക്കും അവരുടെ വീടുകളും സാധനങ്ങളും ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് താമസം മാറ്റേണ്ടി വന്നു. ഈ ദുരിത ബാധിതർക്ക് ആശ്വാസമായി ജല ആംബുലസുമായി എത്തിയിരിക്കുകയാണ് കേരള സർക്കാർ. ക്യാമ്പുകളിൽ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര വൈദ്യ സഹായം നൽകുക എന്ന ഉദ്ദേശത്തോടെ എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയാണ് ജല ആംബുലൻസ് ആലപ്പുഴയിൽ സർവീസ് നടത്തുന്നത്.

ദേശീയ ജല  ആരോഗ്യ ദൗത്യം, സംസ്ഥാന ജലഗതാഗത വകുപ്പ് എന്നിവർ സംയുക്‌തമായി മുന്നോട്ട് വയ്ക്കുന്ന സംരംഭമാണ് ജല ആംബുലൻസ്. അടിയന്തര വൈദ്യ സഹായം ആവശ്യമുള്ളവർക്ക് ടോൾ ഫ്രീ നമ്പറായ 108 ലേക്ക് വിളിച്ചാൽ വൈദ്യ സഹായം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. പൊതുപരാമത്ത് മന്ത്രി ജി സുധാകരനാണ് ജല ആംബുലൻസ് സർവ്വീസ് ഉദ്‌ഘാടനം നിർവഹിച്ചത്. ആവശ്യമെങ്കിൽ  ഇത്തരത്തിലുള്ള മൂന്ന് ആംബുലൻസുകൾ കൂടി പ്രവർത്തന സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.

കുട്ടനാടിന്റെ വികസന പദ്ധതികൾ പൂർത്തിയായാൽ മഴക്കെടുതി മൂലം ഇവിടെയുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സാധങ്ങങ്ങളും, പാചക വാതകങ്ങളും ക്യാമ്പുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അധികൃതരെ നിയമിച്ചിട്ടുണ്ടെന്നും, അതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കൃത്യമായ രീതിയിൽ എല്ലാ സഹായങ്ങും നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.