‘തിരുവോണപ്പുലരി മുതല്‍ തിരുവാവണി രാവു വരെ’ മലയാള മനസിന്റെ ഓണപ്പാട്ടുകള്‍
അത്തപ്പൂക്കളവും ഓണപ്പാട്ടുകളുമില്ലാത്ത ഒണമില്ല മലയാളികള്‍ക്ക്. കാലങ്ങളായി ഓരോ ഓണനിലാവിലും മലയാള ഹൃദയങ്ങളിലേക്ക് പുതുമഴയായി പെയ്തിറങ്ങിയ അനശ്വരമായ ചില ഓണഗാനങ്ങളുണ്ട്. പ്രളയം ഉലച്ച കേരളക്കരയ്ക്ക് ഒരുപക്ഷേ ഓര്‍മ്മകളുടെ ഇത്തിരി മധുരം പകരാന്‍ കഴിയുന്നവ. ഓണോര്‍മ്മകളില്‍ എന്നും അനശ്വരമായ ചില ഓണപ്പാട്ടുകള്‍ കേള്‍ക്കാം.
‘തിരുവോണപ്പുലരിതന്‍…’
ഓരോ വരികളിലും ഓണോര്‍മ്മകള്‍ നിറയ്ക്കുന്ന ഈ ഗാനം തിരുവോണം എന്ന ചലച്ചിത്രത്തിലേതാണ്. 1975 ല്‍ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് വാണി ജയറാമാണ്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എം.കെ. അര്‍ജുനന്‍ ഈണം പകര്‍ന്നപ്പോള്‍ മലയാളികള്‍കള്‍ക്ക് ലഭിച്ചത് മധുരമായൊരു ഓണപ്പാട്ട്.
https://www.youtube.com/watch?v=v4XqeKI1M28
‘ഓണപ്പൂവേ പൂവേ…’
1978 ല്‍ പുറത്തിറങ്ങിയ ‘ഈ ഗാനം മറക്കുമോ’ എന്ന ചലച്ചിത്രത്തിലേതാണ് ഈ ഓണപ്പാട്ട്. ഒ.എന്‍.വി കുറിപ്പിന്റെ വരികള്‍ക്ക് സലീല്‍ ചൗധരി ഈണം പകര്‍ന്നു. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ മനോഹരമായ ഓണക്കാലങ്ങളിലേക്കാണ് ഈ ഗാനം മലയാളികളെ കൊണ്ടുചെന്നെത്തിക്കുന്നത്.
‘പൂവിളി പൂവിളി പൊന്നോണമായി…’
കലാലയങ്ങിലെ ഓണപ്പാട്ടുമത്സരങ്ങളില്‍ ഇന്നും തനിമ ഒട്ടും ചോരാതെ നിരന്തര സാന്നധ്യമാണ് ഈ ഗാനം. ‘വിഷുക്കണി’ എന്ന ചിത്രത്തിലേതാണ് ഈ ഓണപ്പാട്ട്. യേശുദാസ് ആലപിച്ച ഈ പാട്ടിന്റെ വരികള്‍ ശ്രീകുമാരന്‍ തമ്പിയുടേതാണ്. സലീല്‍ ചൗധരിയാണ് സംഗീതം.
‘ഓണത്തുമ്പീ പാടൂ...’
1997 ല്‍ പുറത്തിറങ്ങിയ ‘സൂപ്പര്‍മാന്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഓണം ഓരോ മലയാളിക്കും എത്ര പ്രീയപ്പെട്ടതാണെന്ന് ഈ ഗാനം ഓര്‍മ്മപ്പെടുത്തുന്നു. വേര്‍പാടിന്റെ നൊമ്പരപ്പെടുത്തലുകളുടെ ഓര്‍മ്മ. എസ്.പി വെങ്കിടേഷ് സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസാണ്. എസ്. രമേശന്‍ നായരുടേതാണ് വരികള്‍.
‘ഓണവെയില്‍ ഓളങ്ങളില്‍…’
‘ബോംബെ മാര്‍ച്ച് 12’ എന്ന ചലച്ചിത്രത്തിലെ ഈ ഓണപ്പാട്ട് മലയാളികളില്‍ പ്രത്യേക താളമുണര്‍ത്തുന്നു. ഓണത്തിന്റെ ആഘോഷങ്ങളും ആരവങ്ങളുമെല്ലാം തുളുമ്പുന്നതാണ് ഈ പാട്ട്. എം.ജി ശ്രീകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
‘തിരുവാവണി രാവ്…’
അടുത്ത കാലത്ത് മലയാള മനസുകളില്‍ ഇടംനേടിയ ഗാനമാണ് ‘തിരുവാവണി രാവ്…’ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മനു മഞ്ജിത്തിന്റേതാണ് വരികള്‍. ഉണ്ണി മേനോന്‍, സിതാര, മീര ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.