മലയാളികളുടെ അതിജീവന സ്വപ്നങ്ങളുടെ ആവേശമായി മാറിയ അസീയ ബീവി വെള്ളിത്തിരയിലേക്ക്…
കേരള ജനതയെ ഭീതിയിൽ ആഴ്ത്തിയ കുറെ ദിനങ്ങളായിരുന്നു നമുക്ക് മുന്നിലൂടെ കടന്നുപോയത്.. കേരളം മറവിയുടെ പുസ്തകത്തിലേക്ക് ചേർക്കപെടുവാൻ ആഗ്രഹിക്കുന്ന കുറെ കറുത്ത ദിനങ്ങൾ…
ജീവനും സ്വത്തിനും ഭീഷണിയായ ഈ ദിനങ്ങളിൽ കേരളത്തിലെ ആളുകൾക്ക് നഷ്ടമായത് അവരുടെ ഒരു ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യങ്ങളായിരുന്നു. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കണ്ണീരിന്റെയും തീരാ നഷ്ടങ്ങളുടെയും മാത്രം കഥകളെ പറയാനുണ്ടായിരുന്നുള്ളു. എന്നാൽ പരിഭവങ്ങൾക്കും ആശങ്കൾക്കും പുതിയൊരു മുഖം നൽകിയിരിക്കുകയാണ് എറണാകുളം മുളന്തുരുത്തി സെന്റ് തോമസ് ദയറാ സ്കൂൾ ദുരിതാശ്വാസ ക്യാമ്പ്.
എല്ലാ വിഷമങ്ങളും പ്രശ്നങ്ങളും ചിരിച്ച മുഖത്തോടെ നേരിടുന്നതിനൊപ്പം വിഷമങ്ങൾ മറക്കാൻ കുട്ടികൾക്കൊപ്പം നൃത്തത്തിന് ചുവടും വയ്ക്കുകയാണ് അസീയ ബീവി എന്ന വീട്ടമ്മ. ദുരിതങ്ങളുടെയും പരാധീനതകളുടെയും തലച്ചുവടുമായി ക്യാമ്പിൽ എത്തിയ എല്ലാവർക്കും മാതൃകയായിരിക്കുകയാണ് അസീയ ബീവി. മഹാപ്രളയത്തില്‍ വെള്ളം കയറി തങ്ങളുടെ വാടക വീട് മുങ്ങാറായപ്പോളാണ്, അസിയാ ബീവിയും കുടുംബവും ആദ്യമായി ചേരാനെല്ലൂരിലെ ക്യാമ്പിലെത്തിയത്. എന്നാല്‍ അവിടെയും വെള്ളം എത്തി. പിന്നീട് ആ ക്യാമ്പിൽ നിന്നും രോഗിയായ ഭര്‍ത്താവ് നിസാമുദ്ദീനെയും മൂന്ന് മക്കളെയും ചേര്‍ത്ത് പിടിച്ച് മുളന്തുരുത്തിയിലെ ക്യാമ്പിലെത്തുകയായിരുന്നു ആ വീട്ടമ്മ. ആയുസ് കാലത്തെ സമ്പാദ്യങ്ങളാകെ തകര്‍ന്നു പോയിട്ടും അസിയ തളര്‍ന്നില്ല.
സ്വന്തം നൃത്തത്തിലൂടെ മലയാളികളുടെ അതിജീവന സ്വപ്നങ്ങളുടെ ആവേശമായായി മാറിയ അസീയ ബീവി എന്ന വീട്ടമ്മയുടെ നൃത്തം ഏവരെയും അത്ഭുതപെടുത്തും വിധമായിരുന്നു… ക്യാമ്പിലെ കുട്ടികൾക്കൊപ്പം മലയാളികളുടെ ആവേശമായി മാറിയ ‘ജിമിക്കി കമ്മൽ’ എന്ന ഗാനത്തിനാണ് അസിയയും സംഘവും ചുവടുവെച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ താരത്തെ അന്വേഷിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ സിനിമാ ലോകം. ദുരിതാശ്വാസ ക്യാമ്പുകളിൽ തരംഗമായി മാറിയ ഈ വീട്ടമ്മ ഇനി വിനായകനൊപ്പം മലയാള സിനിമയിലും ഉണ്ടാകും..