ഏഷ്യന്‍ ഗെയിംസ്: പടക്കുതിരകളായി കുതിച്ച് മലയാളി താരങ്ങളും

August 31, 2018

ചന്ദ്രനില്‍ പോയാലും അവിടെയും മലയാളികള്‍ ഉണ്ടാകുമെന്ന് പൊതുവെ പറയാറുണ്ട്. ജക്കാര്‍ത്തയില്‍വെച്ചു നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും തിളങ്ങിയിരിക്കുകയാണ് മലയാളി താരങ്ങള്‍. ഇന്ത്യയ്ക്ക് 12-ാം സ്വര്‍ണ്ണം നേടിക്കൊടുത്തത് കോഴിക്കോട് ചക്കിട്ടപ്പാറക്കാരന്‍ ജിന്‍സണ്‍ ജോണ്‍സനാണ്. 1500 മീറ്ററില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് ജിന്‍സണ്‍ സ്വര്‍ണ്ണം നേടിയെടുത്തത്. മൂന്ന് മിനിറ്റ് 44.72 സെക്കന്റുകൊണ്ട് 1500 മീറ്റര്‍ ജിന്‍സണ്‍ ഫിനിഷ് ചെയ്തു. ഇറാന്റെ അമീര്‍ മൊറാദി വെള്ളിയും ബഹ്‌റൈന്റെ മുഹമ്മദ് ടിയോലി വെങ്കലവും നേടി. 800 മീറ്ററിലും ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. എന്നാല്‍ 800 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യയുടെ മന്‍ജീത് സിങ് 1500 മീറ്ററില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്.

വനിതാവിഭാഗത്തില്‍ പി.യു ചിത്ര നേടിയ വെങ്കലവും മലയാളികളുടെ നേട്ടത്തിന് മാറ്റുകൂട്ടി. നാല് മിനിറ്റ് 12.56 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ചിത്ര മൂന്നാമതെത്തിയത്. വനിതാവിഭാഗത്തില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയത് ബഹ്‌റൈന്‍ താരങ്ങളാണ്. കല്‍കിദാന്‍ ബെഫകാഡുവാണ് സ്വര്‍ണ്ണം നേടിയ ബഹ്‌റൈന്‍ താരം. ടിഗിസ്റ്റ് ബെലായ് വെളളിയും നേടി.

വ്യക്തിഗത ഇനങ്ങള്‍ക്കുപുറമെ പുരുഷ വിനിതാ വിഭാഗം 4X400 മീറ്റര്‍ റിലേയിലും മലയാളി താരങ്ങള്‍ തിളങ്ങി. വനിതാ വിഭാഗത്തിന്റെ അവസാന ലാപ്പ് ഓടിയത് മലയാളി താരം വിസ്മയയാണ്. മൂന്ന് മിനിറ്റ് 28.72 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടിയത്. ഇതേ ഇത്തില്‍ ബഹ്‌റൈന്‍ വെള്ളിയും വിയറ്റ്‌നാം വെങ്കലവും നേടി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് വനിതാ വിഭാഗം റിലേയില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുന്നത്. 2002,2006,2010,2014,2018 ഏഷ്യന്‍ ഗെയിംസുകളില്‍ വനിതാ റിലേയില്‍ ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. 1986 ലും ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ വനിതാവിഭാഗം റിലേയില്‍ 6 സ്വര്‍ണ്ണമെഡലുകളാണ് ഇന്ത്യ നേടുന്നത്.
പുരുഷ വിഭാഗം റിലേയില്‍ ഇന്ത്യ വെള്ളി നേടി. കുഞ്ഞുമുഹമ്മദും മുഹമ്മദ് അനസുമടങ്ങുന്ന ടീമാണ് ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചത്. മൂന്ന് മിനിറ്റ് 01.85 സെക്കന്റിലാണ് ഇന്ത്യന്‍ പുരുഷ വിഭാഗം ഫിനിഷ് ചെയ്തത്.