ചരിത്രം കുറിച്ച് സിന്ധു, വെള്ളിത്തിളക്കത്തില്‍ ഇന്ത്യ
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് പി.വി സിന്ധു. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ആദ്യ വെള്ളി നേടുന്ന താരം എന്ന റെക്കോര്‍ഡും ഇനി ഈ കായികതാരത്തിന് സ്വന്തം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്പെയിയുടെ തായ് സൂ യിങ്ങിനോടാണ് സിന്ധുവിന് തോല്‍ക്കേണ്ടിവന്നത്. ഫൈനലിലെത്തിയ സിന്ധുവില്‍ ഇന്ത്യ വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. സ്വര്‍ണ്ണമെഡല്‍ നേടാനായില്ലെങ്കിലും സിന്ധു സ്വന്തമാക്കിയ വെള്ളിയിലും ഇന്ത്യയ്ക്ക് അഭിമാനം മാത്രമാണ്.
ഫൈനല്‍ മത്സരത്തിന്റെ തുടക്കം മുതല്ക്കേ തായ് സൂ യിങിനായിരുന്നു ആധിപത്യം. ആദ്യ ഗെയിമില്‍ 21-13 ന് വിജയിച്ച ചൈനീസ് താരം രണ്ടാം ഗെയിം 21-16 നും ജയിച്ചു. 34 മിനിറ്റ് മാത്രമായിരുന്നു മത്സരദൈര്‍ഘ്യം. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്വാള് കഴിഞ്ഞ ദിവസം വെങ്കലം നേടിയിരുന്നു. സൈനയെ തോല്പിച്ചതും തായ് സൂ യിങ് തന്നെയാണ്.
ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ സിംഗിള്‍സ് വിഭാഗത്തില്‍ മൂന്ന് മെഡലുകള്‍ മാത്രമാണ് ഇതുവരെ ഇന്ത്യ കരസ്ഥമാക്കിയത്. സിന്ധുവിനും സൈനയ്ക്കും പുറമെ 1982 ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ സയ്യിദ് മോദിയാണ് മെഡല്‍ നേടിയ മൂന്നമാത്തെ താരം. വെങ്കലമായിരുന്നു സയ്യിദിനും ലഭിച്ചത്. ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഏഴാമതാണ് സിന്ധുവിന്റെ സ്ഥാനം. ഹൈദരബാദുകാരിയാണ് സിന്ധു.
2016 ലെ ഒളിമ്പിക്സില്‍ വെള്ളി നേടിയതോടെയാണ് സിന്ധു ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്ത് ശ്രദ്ധേയമായത്. തുടര്‍ന്ന് കാര്‍ കമ്പനികള്‍ മുതല്‍ സ്മാര്‍ട്ഫോണ്‍ കമ്പനികള്‍ വരെ സിന്ധുവിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലോ ഒളിമ്പിക്സിലോ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ലോകപ്രശ്സ്തരായ ഷട്ട്ലര്‍മാരുടെ ഇടയില്‍ ഒരിടം പി.വി സിന്ധുവിനുണ്ട്.
Saina Nehwal .. PV Sindhu .. 18-11 pic.twitter.com/J4KF9zv1uV
— Sunil hatwal (@sun_hwr) 28 August 2018