പ്രേക്ഷകഹൃദയം കീഴടക്കാന്‍ ‘ബോബി’ വീണ്ടും തീയറ്ററുകളിലേക്ക്

August 31, 2018

ചലച്ചിത്രപ്രേമികള്‍ക്ക് മുമ്പിലേക്ക് ‘ബോബി’ വീണ്ടും വരുന്നു. ബിഗ് സ്‌ക്രീനില്‍ റീ റിലീസ് ആഘോഷിച്ചുകൊണ്ടാണ് ബോബിയുടെ വരവ്. മിയ ജോര്‍ജും മണിയന്‍പിള്ളയുടെ മകന്‍ നിരഞ്ജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ബോബി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18 ന് സുഹ്‌റ എന്റര്‍ചൈമെന്റിന്റെ ബാനറിലായിരുന്നു ചിത്രം തീയറ്ററുകളിലെത്തിയത്.

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം സഗീര്‍ ഹൈദ്രേസ് ആണ്. വ്യത്യസ്ഥ പ്രമേയവുമായിട്ടായിരുന്നു തീയറ്ററുകളിലെത്തിയതെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ അധികം സ്വീകാര്യത നേടാന്‍ ബോബിക്കായില്ല. വളരെ വ്യത്യസ്ഥമായി അവതരിപ്പിച്ച പുതുമയുള്ള ഒരു പ്രണയമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

കേരളത്തിലെ നൂറോളം തീയറ്ററുകളില്‍ ബോബി പ്രദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ആഴ്ച റിലീസ് ചെയ്ത ഒരു തമിഴ് ചിത്രത്തിനുവേണ്ടി മിക്ക തീയറ്ററുകളില്‍ നിന്നും ബോബിക്ക് മാറിക്കൊടുക്കേണ്ടിവന്നു. തീയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ബോബി റീറിലീസിങിന് ഒരുങ്ങുന്നത്. എന്നാല്‍ ബോബിയുടെ റീറിലീസിങിനെ ഒരു ഭാഗ്യപരീക്ഷണം എന്നു വിലയിരുത്തുന്നവരുമുണ്ട്.