‘പ്രളയത്തിലും തോല്‍ക്കില്ല’: വെള്ളത്തിന്റെ നടുവിലിരുന്ന് അയാള്‍ പാടി; ‘ഹൃദയവാഹിനി ഒഴുകുന്നു നീ…’

August 23, 2018

ചില പാട്ടുകള്‍ വല്ലാണ്ടങ്ങ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. ഡേവിഡിന്റെ പാട്ടും അങ്ങനെയാണ്. പ്രളയം എല്ലാം കവര്‍ന്നെടുത്തിട്ടും വെള്ളത്തിന്റെ നടുവിലിരുന്ന് ഡേവിഡ് പാടി ‘ഹൃദയവാഹിനി ഒഴുകുന്നു നീ…:’ മഹാപ്രളയം എല്ലാം നഷ്ടപ്പെടുത്തിയ ഒരുവന്റെ ഇടനെഞ്ചില്‍ നിന്നുയരുന്നതാണ് ഈ പാട്ട്. ദുരിതാശ്വാസ ക്യാമ്പായ പള്ളി ഹാളിലെ ഒരു കസേരയിലിരുന്നാണ് ഡേവിഡ് പാടിയത്. പാട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തു.

വൈക്കത്തെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണ് ഡേവിഡ് പാടിയത്. കേരളത്തെ ആര്‍ത്തുലച്ച പ്രളയത്തില്‍ ഡേവിഡിനും ഉണ്ടായ നാശനഷ്ടങ്ങള്‍ ചെറുതല്ല. വീടും പരിസരവും ഇപ്പോഴും ചെളിയില്‍ പൂണ്ടുകിടക്കുകയാണ്. താമസയോഗ്യമാകണമെങ്കില്‍ ഇനിയും വേണം ദിവസങ്ങളേറെ. പ്രായമായ തന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു ഡേവിഡ് ക്യാമ്പിലെത്തിയത്. പിന്നീട് അമ്മയെ സഹോദരന്റെ വീട്ടിലാക്കി. ഡേവിഡ് ഇപ്പോഴും ക്യാമ്പില്‍ തന്നെ കഴിയുന്നു.

സംഗീതം ശാസ്ത്രീയമായി ഡേവിഡ് അഭ്യസിച്ചിട്ടില്ല. എങ്കിലും ചെറുപ്പം മുതല്‍ക്കേ സംഗീതത്തോട് വല്ലാത്തൊരു അടുപ്പമുണ്ട്. പെയിന്റിങ് തൊഴില്‍ ജീവിത മാര്‍ഗമാക്കിയ ഇദ്ദേഹം വിവിധ സ്റ്റേജ് പരിപാടികള്‍ക്ക് പാടിയിരുന്നു. നഷ്ടങ്ങളെല്ലാം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസവും ഈ പാട്ടുകാരനുണ്ട്. അതിജീവനത്തിന് ഡേവിഡിനെപ്പോലുള്ളവര്‍ നല്‍കുന്ന പ്രചോദനം ചെറുതല്ല. ഡേവിഡ് ഇനിയും പാടട്ടെ ഒരായിരും സ്വപ്‌നങ്ങളുടെ ഉയിര്‍പ്പുഗീതങ്ങള്‍…