വൈറലായി ധോണിയുടെ സൈക്കിൾ പ്രകടനം …

August 2, 2018

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ നിറം മങ്ങിപ്പോയതിനെ തുടര്‍ന്ന് ‘ക്യാപ്റ്റന്‍ കൂള്‍’ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ അതൊന്നും താരത്തെ ബാധിച്ചിട്ടില്ല. ടെസ്റ്റിൽ നിന്നും താരം വിരമിച്ചതിനാൽ  ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിന് ശേഷം ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ചാരിറ്റി ഫുട്ബോള്‍ കളിച്ചും സുഹൃത്തുക്കളുടെ വിവാഹത്തില്‍ പങ്കെടുത്തും അവധി ആസ്വദിക്കുകയാണ് ധോണിയിപ്പോൾ.

സുഹൃത്തുക്കളോടൊപ്പം  ഒരു വിവാഹ വീട്ടില്‍ നിന്നുള്ള  താരത്തിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം  സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിന്നു. മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകളായ പൂര്‍ണ്ണിമ പട്ടേലിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയതായിരുന്നു ധോണിയും കുടുംബവും. എന്നാൽ ഇപ്പോൾ താരത്തിന്റെ സൈക്കിൾ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വായിൽ ഒരു തടി കക്ഷണം കടിച്ചുപിടിച്ചതിന് ശേഷം സൈക്കിളിൽ അഭ്യാസം ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ എല്ലാവരുടെയും ചർച്ചാവിഷയം. താരത്തിന്റെ സൈക്കിളിനോടും ബൈക്കിനോടുമൊക്കെയുള്ള താത്പര്യം നേരത്തെ തന്നെ ആരാധകർക്ക് അറിയാവുന്നതാണ്. എന്നാൽ ഇത്തവണ താൻ ചെയ്യുന്നതുപോലെ ഈ അഭ്യാസം ആരാധകരോട് ചെയ്യാനും താരം ആവശ്യപ്പെടുന്നുണ്ട്. ധോണി തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതും. വീഡിയോ പങ്കുവെച്ച് മിനിറ്റുകൾക്കകമാണ് സംഭവം വൈറലായത്.

Just for fun, plz try it at home.

A post shared by M S Dhoni (@mahi7781) on

അതേസമയം മറ്റൊരു വിഡിയോയും താരത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനും തികഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു വിവാഹ വീട്ടില്‍ നിന്നുള്ള വീഡിയോയിൽ  വിവാഹ പാര്‍ട്ടി പുരോഗമിക്കുന്നതിനിടെയാണ് ധോണിയും കൂട്ടുകാരും ബാത്ത് റൂമിനുളളില്‍ ഇരുന്ന് വീഡിയോ പിടിച്ചത്. ബാത്ത് റൂമിന് പുറത്തുളള വാഷ് ബെയ്‌സണ്‍ സിങ്കിന് മുകളിലിരിക്കുകയാണ് ധോണി. കൂട്ടുകാരനും ബോളിവുഡ് ഗായകനുമായ രാഹുല്‍ വൈദ്യയാണ് ഈ വീഡിയോ പിടിച്ചത്. ഇന്ത്യന്‍ താരങ്ങളായ പാര്‍ത്ഥിവ് പട്ടേലിനോടും ആര്‍ പി സിങ്ങിനോടും ധോണി  സംസാരിക്കുന്ന ചിത്രവും ട്വിറ്ററിലുണ്ട്. ആര്‍ പി സിങ്ങ് തന്നെയാണ് ഈ ചിത്രം ട്വീറ്ററിൽ പങ്കുവെച്ചത്. എന്തുകൊണ്ടാണ് ബാത്ത് റൂമില്‍ നിങ്ങള്‍ ഇത്ര കൂളായിരിക്കുന്നത് എന്നാണ് രാഹുല്‍ ചോദിക്കുന്നത്. അറിയില്ല എന്നായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ ഉടനെയുളള മറുപടി.