ഒരുമാസത്തെ ശമ്പളത്തൊടൊപ്പം സ്വര്‍ണ്ണമാലയും ദുരിതാശ്വാസനിധിയിലേക്ക്; മാതൃകയായി ഷമീമ ടീച്ചര്‍

August 28, 2018

അതിജീവനത്തിനായി ഒരേ മനസ്സോടെ കൈ-
മെയ്യ്‌ മറന്ന് പോരാടുകയാണ് കേരളക്കര ഒന്നാകെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നവരും നിരവധിയാണ്. മറ്റുള്ളവരുടെ വേദനകളില്‍ എല്ലാം മറന്ന് അനേകര്‍ ഒപ്പം ചേരുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കേരളത്തോട് ആഹ്വാനം ചെയ്തിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ് ഷമീമ എന്ന ഒരു അധ്യാപിക.

കണ്ണൂര്‍ ജില്ലയിലെ തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ അധ്യാപികയാണ് ഷമീമ. അതിജീവനത്തിനായി പൊരുതുന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ രണ്ട് പവനിലേറെ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും ഊരിനില്‍കിയിരിക്കുകയാണ് ഈ അധ്യാപിക. വര്‍ഷങ്ങളായി തന്റെ കഴുത്തിലണിഞ്ഞിരുന്ന; തനിക്ക് ഏറ്റവും പ്രീയപ്പെട്ട മാലയാണ് ഷമീമ ടീച്ചര്‍ നിറമനസ്സോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വണ്‍ മന്ത് ഫോര്‍ കേരള ക്യാംപയിനില്‍ പങ്കാളിയകുന്നതിന്റെ ഭാഗമായി ഷമീമ ടീച്ചര്‍ തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കായി നേരത്തെ മാറ്റിവെച്ചിരുന്നു. ഇതുകൂടാതെയാണ് സ്വന്തം മാലയും പ്രളയബാധിതരെ സഹായിക്കുന്നതിനായി നല്‍കാന്‍ ടീച്ചര്‍ തയാറായത്.

കൃഷിക്കാരനായ അച്ഛന്‍ കരുതിവെച്ച ഒരേക്കര്‍ ഭൂമി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്വാഹയും കേരളത്തിനിന് നല്‍കിയത് വലിയ മാതൃക തന്നെയാണ്. ഏകദേശം അമ്പത് ലക്ഷത്തോളം വില വരുന്ന ഒരേക്കര്‍ ഭൂമിയാണ് സ്വാഹയും സഹോദരന്‍ ബ്രഹ്മയും ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

സുവോളജിയാണ് ഷമീമ ടീച്ചര്‍ പഠിപ്പിക്കുന്ന വിഷയം. മനുഷ്യശാസ്ത്രം അത്ര ആഴത്തില്‍ അറിയാവുന്നതുകൊണ്ടാവാം മറ്റുള്ളവരുടെ ഹൃയവേദനയിലും പങ്കുകാരിയാകാന്‍ ടീച്ചറിനു സാധിച്ചത്. കലക്ട്രേറ്റിലെത്തിയ ടീച്ചര്‍ ഡപ്യൂട്ടി കലക്ടര്‍ സി.എം. ഗോപിനാഥനു മാല കൈമാറുകയായിരുന്നു. ജീവിതം കൊണ്ട് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നവര്‍ വിരളമാണ്. ഷമീമ ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല സമൂഹത്തെ മുഴുവനും സ്വന്തം ജീവിതം കൊണ്ടു വലിയ പാഠമാണ് പഠിപ്പിക്കുന്നത്. മറ്റുള്ളവരുടെ വേദനകളില്‍ ആശ്വാസമാകാന്‍ പ്രചോദനമേകുന്ന നല്ല പാഠമാണ് ഈ അധ്യാപിക.