‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ൽ സർഫിങ് തന്ത്രങ്ങളുമായി പ്രണവ്; വിശേഷങ്ങൾ അറിയാം …

August 9, 2018

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി വന്ന അച്ഛന് പിന്നാലെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി മകൻ പ്രണവ് മോഹൻലാൽ എത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയ്ക്കായി പ്രണവ് മികച്ച സര്‍ഫിങ് പരിശീലനം പൂർത്തിയാക്കിയിരിക്കുകയാണ്.

ഒരു സര്‍ഫറിന്റെ വേഷത്തിലാണ് ചിത്രത്തിൽ  പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ അഭിനയിക്കാൻ എത്തിയത്. ഒരുപാട് പ്രയത്‌നം പ്രണവ് ഈ കഥാപാത്രത്തെ മനോഹരമാക്കാന്‍ എടുക്കുന്നതായി ചിത്രത്തിന്റെ സംവിധായകൻ  അരുണ്‍ ഗോപി പറഞ്ഞു.

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്.

പേര് പോലെത്തന്നെ ആക്ഷൻ എന്റെർറ്റൈനെർ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. അതേസമയം ചിത്രം ഒരു അധോലോക കഥയായിരിക്കില്ലെന്ന് ചിത്രത്തിന്റെ ടാഗ് ലൈനിലൂടെ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിൽ പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. അരുൺ ഗോപി സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജനാണ്.

കെ മധു സംവിധാനം ചെയ്ത  ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ സാഗർ ഏലിയാസ് ജാക്കി എന്ന അധോലോക നായകനായി മോഹൻലാൽ നിറഞ്ഞാടിയിരുന്നു. മുപ്പത്തതൊന്ന് വർഷങ്ങൾക്ക് ശേഷം ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പ്രണവ് വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.