തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു..

August 7, 2018

തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. പനിയും അണുബാധയും മൂലം ദിവസങ്ങളായി ചികിത്സയിലായിരുന്ന കരുണാനിധി,  ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യം കാരണം മരുന്നുകള്‍ ഫലം കാണുന്നില്ലെന്നും അണുബാധ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് കരുണാനിധിയുടെ നില വഷളായത്. ഇതോടെ തമിഴ്‌നാട്ടില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.  കേരളമുഖ്യമന്ത്രി പിണറായി വിജയന്‍, രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയ പ്രമുഖരും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

ഡിഎംകെയുടെ തലപ്പത്ത് അരനൂറ്റാണ്ട് കാലവും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അഞ്ചു തവണയും സേവനം അനുഷ്ഠിച്ച കരുണാനിധി ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു. തമിഴ് സിനിമകളിൽ സംവിധായകനായും തിരക്കഥാകൃത്തതായും അഭിനേതാവായും ഒരു കാലത്ത് തിളങ്ങി നിന്ന താരമായിരുന്നു കരുണാനിധി.