വിവാഹം മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി സിനിമാതാരം

August 24, 2018

കേരളക്കരയെ ഒന്നാകെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതിയില്‍ ജീവന്‍ മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ചില്ലറയല്ല. സ്വന്തം വിവാഹം പോലും മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കൂടിയ ഒരു സിനിമാ താരവുമുണ്ട് ഇക്കൂട്ടത്തില്‍. രാജീവ് ഗോവിന്ദ പിള്ള. ആഗസ്റ്റ് 17നായിരുന്നു രാജീവ് പിള്ളയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്‍ജിനിയറിങ് ബിരുദധാരിയായ അജിതയായാണ് വധു. എന്നാല്‍ സ്വന്തം നാടായ നന്നൂരിലെ ആളുകള്‍ പ്രളയക്കെടുതിയില്‍ ദുരിതമനഭവിക്കുന്നു എന്ന് അറിഞ്ഞതോടെ വിവാഹം മാറ്റിവയ്ക്കാന്‍ തയാറാവുകയായിരുന്നു ഇദ്ദേഹം.

രാജീവ് പിള്ളയുടെ വീടിനടുത്ത് നിന്ന് 500 മീറ്റര്‍ വരെ അകലെയുള്ള ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ ബോട്ടുകള്‍ എത്തുന്നതിനു മുന്നേ താരം ചങ്ങാടമുണ്ടാക്കി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. 48 മണിക്കൂറിലധികം രാജീവ് പിള്ള വെള്ളത്തിനകത്ത് തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ രാജീവിനും കൂട്ടര്‍ക്കും നല്‍കിയ പിന്തുണയും വലുതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ മരുന്നും മറ്റ് വസ്തുക്കളും ഇര്‍ഫാന്‍ കൊടുത്ത് അയയ്ക്കുകയും ചെയ്തു.

Thank u Irfan Pathan @irfanpathan_official

A post shared by Rajeev Pillai (@rajeev_govinda_pillai) on

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു രാജീവ് പിള്ള നായകനായി അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. അന്‍വര്‍, തേജഭായ് ആന്‍ഡ് ഫാമിലി, ബോംബെ മാര്‍ച്ച് 12, കാഷ്, വീണ്ടും കണ്ണൂര്‍, കര്‍മ്മ യോദ്ധ തുടങ്ങിയ ചിത്രങ്ങളിലും രാജീവ് ഗോവിന്ദ പിള്ള അഭിനയിച്ചിട്ടുണ്ട്.

ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജീവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. റിച്ച ഛദ്ദയാണ് ഷക്കീലയെ അവതരിപ്പിക്കുന്നത്. രാജീവിനെക്കുറിച്ച് അഭിമാനമുണ്ടെന്ന് റിച്ചയും പ്രതികരിച്ചു.

ലാക്‌മേ ഫാഷന്‍ വീക്ക്, വില്‍സ് ലൈഫ് സ്റ്റൈല്‍ ഫാഷന്‍ വീക്ക്, കോട്യൂര്‍ വീക്ക് തുടങ്ങിയവയില്‍ ഇദ്ദേഹം സ്ഥിരമായി പങ്കെടുക്കാറുണ്ട്. ഇതിനുപുറമെ അഭിഷേക് ദത്ത, ചൈതന്യ റാവു, ദിഗ്‌വിജയ് സിങ്ങ്, വരുണ്‍ ബാല്‍, അര്‍ജുന്‍ ഖന്ന, കരണ്‍ ജോഹര്‍ എന്നിവര്‍ക്കു വേണ്ടി രാജീവ് പിള്ള മോഡല്‍ ചെയ്തിട്ടുണ്ട്.

സിനിമ, മോഡലിങ് എന്നിവയ്ക്ക് പുറമെ രാജീവ് ഗോവിന്ദ പിള്ള നല്ലൊരു ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ്. 2012 ലും 2013 ലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളത്തെ പ്രതിനിധീകരിച്ച് കേരള സ്‌ട്രൈക്കേഴ്‌സ് എന്ന ടീമില്‍ കളിച്ചിരുന്നു.