‘കൊച്ചുണ്ണി’ ട്രെയ്ൻ ഓടിത്തുടങ്ങി; ട്രെയ്ൻ ഫ്ലാഗ് ഓഫ് ചെയ്ത് നിവിൻ പോളി
മോഹന്‍ലാലും നിവിൻ പോളിയും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന റോഷൻ ആൻഡ്റൂസ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ചിത്രത്തിന്റ പ്രമോഷന്റെ ഭാഗമായി പുതിയ പരുപാടിയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് വേണ്ടി ബ്രാന്‍ഡ് ചെയ്താണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 2.15 ന് നിവിന്‍ പോളിയായിരിക്കും ഈ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യുക.
നൂതന ആശയങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന ‘കായംകുളം കൊച്ചുണ്ണി’ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയിൽ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ‘സ്കൂൾ ബസ്’ എന്ന ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് കായം കുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. മോഹൻലാലും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ എത്തുന്നത്. ആരാധക മനം കവരുന്ന പുതിയ ഭാവത്തിൽ കണ്ണിറുക്കി പുഞ്ചിരി തൂകുന്ന ഇത്തിക്കര പക്കിയുടെ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകൾക്കും ട്രെയ്ലറുകൾക്കും ഗാനങ്ങൾക്കുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിവിൻ പോളിക്കൊപ്പം മോഹൻലാൽ കൂടിയെത്തുന്ന കായംകുളം കൊച്ചുണ്ണിക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.