പുതിയ കുട്ടികളെ ഡാൻസ് പഠിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടാണ്, എല്ലാവരും എന്നെപ്പോലെ ഇരുത്തം വന്ന നർത്തകർ അല്ലല്ലോ..കുട്ടനാടൻ ബ്ലോഗ് വിശേഷങ്ങളുമായി മമ്മൂട്ടി
ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. നിരവധി താര നിരകൾ അണിനിരന്ന ചടങ്ങിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്നതായിരുന്നു മമ്മൂട്ടിയുടെ പ്രസംഗം. ‘വളരെ കഷ്ടപ്പെട്ടാണ് ‘കുട്ടനാടൻ ബ്ലോഗിലെ’ ഒരു പാട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഈ സിനിമയുടെ ഡാൻസ് മാസ്റ്റർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാവുക. കാരണം പുതിയ കുട്ടികളെ നൃത്തം പഠിപ്പിക്കാൻ അദ്ദേഹം വളരെ ബുദ്ധിമുട്ടി. എന്നെ പോലെ ഇരുത്തം വന്ന ഒരു നർത്തകനെ പഠിപ്പിക്കാൻ അദ്ദേഹത്തിനു സന്തോഷമേ ഉണ്ടാകൂ. പലകുറി ചുവട് തെറ്റിയപ്പോഴും കൂടെയുള്ളതു കുട്ടികളല്ലെ പോട്ടെ എന്നു ഞാനങ്ങ് വിചാരിച്ചു” മമ്മൂട്ടി പറഞ്ഞു നിർത്തി. താരത്തിന്റെ ഈ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു സദസ് നിറയെ.
സ്വതന്ത്ര സിനിമ സംവിധായകനായ സേതു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. കുട്ടനാട്ടിലെ ഒരു ഗ്രാമപ്രദേശത്തെ ആളുകളുടെ ജീവിതം കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഈ ഗ്രാമത്തിൽ താമസിക്കുന്ന ഒരു ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന വ്യക്തിയായാണ് മമ്മൂട്ടി എത്തുന്നത്. അനന്ത വിഷന്റെ ബാനറിൽ പി മുരളീധരനും ശാന്താ മുരളീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മെമ്മറീസിന് ശേഷം ഇരുവരും ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് ഒരു കുട്ടനാടൻ ബ്ലോഗ്. പ്രദീപ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീത സംവിധാനം നിശ്ചയിച്ചിരിക്കുന്നത് ശ്രീനാഥാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിക്കുന്നത് ബിജിപാലാണ്.
മല്ലൂസിങ്ങ്, റോബിൻഹുഡ്, അച്ചായൻസ് തുടങ്ങി ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.