ആരാധകരെ ഞെട്ടിക്കുന്ന തീരുമാനവുമായി മെസ്സി; വിശ്വസിക്കാനാവാതെ ഫുട്ബോൾ ലോകം

August 15, 2018

ലോകം മുഴുവൻ ആരാധകരുള്ള ഫുട്ബോൾ താരമാണ് ലയണൽ മെസ്സി. അർജന്റീന മാത്രമല്ല ലോകം മുഴുവനുള്ള ആരാധകരെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി എത്തിയിരിക്കുകയാണ് ഫുട്ബോൾ ലോകം മിശിഹാ എന്ന് വാഴ്ത്തിപ്പാടിയ മെസ്സി. ദേശീയ ഫുട്ബോൽ ടീമിൽ നിന്നും കുറച്ച് കാലത്തേക്ക് മാറിനിൽക്കുക എന്ന തീരുമാനമാണ് താരം എടുത്തിരിക്കുന്നത്. അർജന്റീനിയൻ മാധ്യമമായ ടി എൻ ടി സ്പോർട്സാണ് ഈ വിവരം പുറത്തുവിട്ടത്.

അതേസമയം സെപ്തംബർ ഏഴിനും പതിനൊന്നിനുമായി ഗ്വാട്ടിമാലക്കും കൊളംബിയക്കുമെതിരെ അമേരിക്കയിൽ വച്ചു നടക്കുന്ന സൗഹൃദ മത്സരങ്ങളിൽ മെസി പങ്കെടുക്കില്ല. അതിനു ശേഷം ഈ വർഷം ഒക്ടോബറിൽ സൗദി അറേബ്യയിൽ വച്ചു നടക്കുന്ന ബ്രസീലുമായുള്ള സൗഹൃദ മത്സരത്തിൽ നിന്നും താരം വിട്ടു നിൽക്കുമെന്നാണ് സൂചനകൾ. എന്നാൽ എത്ര നാളത്തേക്കാണ് ദേശീയ ടീമിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നോ, എപ്പോൾ തിരിച്ച് ടീമിൽ ചേരുമെന്നുമുള്ള കാര്യങ്ങൾ വ്യക്തമല്ല.

പുതിയ തലമുറ മുന്നോട്ട് വരട്ടെയെന്നും, താൻ കുറച്ച് നാൾ കളിയിൽ നിന്നും മാറി നിൽക്കുകയാനാണെന്നും താരം അറിയിച്ചതയാണ് റിപ്പോർട്ട്. അതേസമയം അർജന്റീനയ്ക്കായി ലോക കിരീടം നേടിയതിനു ശേഷം മാത്രമേ അന്താരാഷ്ട്ര കരിയറിനോട് വിടപറയുന്നതിനെക്കുറിച്ച് ചിന്തിക്കുകയുള്ളുവെന്ന്  മുപ്പത്തിയൊന്നാം പിറന്നാൾ ദിനത്തിൽ മെസ്സി വെളിപ്പെടുത്തിയിരുന്നു.