ഒടി വിദ്യകൾക്കൊപ്പം പാട്ടും പാടി ലാലേട്ടൻ; ഒടിയൻ വിശേഷങ്ങൾ അറിയാം
പ്രശസ്ത പരസ്യസംവിധായകൻ വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെ റിലീസിനെത്താൻ ഉദ്ദേശിക്കുന്ന ഒടിയൻ ഒക്ടോബർ 11 നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ ഒടിയൻ വിദ്യകൾക്കൊപ്പം മോഹൻലാലിൻറെ ഗാനവും ഉണ്ടായിരിക്കുമെന്നാണ് സംവിധായകൻ പറയുന്നത്. നാടൻ പാട്ടിന്റെ രീതിയിലുള്ള ഒരു മെലഡിയായിരിക്കും മോഹന്‍ലാലിന്റെ ഗാനമെന്നും ചിത്രത്തിലെ പാട്ടുകളെല്ലാം മണ്ണിന്റെ മണമുള്ളവയാണെന്നും സംവിധായകന് പറഞ്ഞു.
ചിത്രത്തിന്റെ മൂന്നാം ഘട്ട ഷൂട്ടിങ്ങാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അവസാന വട്ട ചിത്രീകരണം പുരോഗമിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ ചിത്രത്തിൽ മഞ്ജു വാര്യർ,സിദ്ദിഖ്,നരേൻ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിലെത്തുന്നു. മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കിയാണ് ഒടിയൻ ഒരുങ്ങുന്നത്. 1960 -70 കാലഘട്ടങ്ങളാണ് ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ ചിത്രം റിലീസിന് മുമ്പേ റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന ഹിന്ദി ഡബ്ബിങ് – സാറ്റലൈറ്റ് റൈറ്റ്സാണ് ഒടിയന് കരസ്ഥമാക്കിയിരിക്കുന്നത്. 3 കോടി 25 ലക്ഷം രൂപയാണ് ഹിന്ദി ഡബ്ബിങ് സാറ്റലൈറ്റ് റൈറ്റ്സ് ആയി ഒടിയന് നേടിയത്. അതേസമയം ചിത്രത്തിന്റെ മേക്കിങ് വീഡിയോ സംവിധായകൻ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ‘ഈ ശക്തിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എത്ര വലിയ പ്രതിസന്ധികൾ നേരിട്ടാലും ഒടിയൻ ചിത്രത്തിന് വേണ്ടി കഠിനപ്രയത്നം നടത്തുന്ന ഇവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു’ മേക്കിങ് വീഡിയോ പുറത്തുവിട്ടുകൊണ്ട് ശ്രീകുമാർ മേനോൻ പറഞ്ഞു.