കണ്ടുപഠിക്കാം ഈ നഴ്സറി വിദ്യാർത്ഥികളെ!
കൈകൾ നിറയെ തങ്ങളുടെ സമ്പാദ്യങ്ങളുമായി എത്തിയ കുരുന്നുകളെ ഇരുകൈകളും നീട്ടിയാണ് കലക്ടർ സ്വീകരിച്ചത്. കേരളത്തിന്റെ നന്മകൾ ഇനിയും വറ്റിപോയിട്ടില്ലെന്ന് കാണിക്കുന്നതായിരുന്നു ഈ പ്രളയകാലത്തെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട അനുഭവം. എന്നാൽ കേരള ജനതയുടെ നന്മകൾ പുതു തലമുറയിലേക്കും പകർന്നു നൽകുന്നു എന്നതിന്റെ തെളിവുകളാണ് തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങളുമായി കലക്ടറുടെ ചേമ്പറിൽ എത്തിയ ഈ കുരുന്നുകൾ….
പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി നിരവധി ആളുകൾ എത്തിയത് ഇതിനോടകം തന്നെ നിരവധി വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ കരയുന്ന കേരളത്തിന് വീണ്ടും ആശ്വാസവുമായി എത്തിയിരിക്കുകയാണ് നമ്മുടെ കുഞ്ഞോമനകൾ.. ദുരിതക്കയത്തിൽ അകപ്പെട്ടവർക്കായി ആരംഭിച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ പണക്കുടുക്കകളുമായി എത്തിയതാണ് ഈ നഴ്സറി വിദ്യാർത്ഥികൾ..
മലപ്പുറം പെരുവണ്ണൂർ ഫുൾബ്രൈറ്റ് നഴ്സറി സ്കൂളിലെ കുട്ടികളാണ് തങ്ങളുടെ സമ്പാദ്യങ്ങളുമായി കളക്ടർക്ക് മുന്നിലെത്തിയത്. ഒന്നും രണ്ടു കുട്ടികളല്ല ഒരു ക്ളാസിലെ മുഴുവൻ കുട്ടികളുമാണ് തങ്ങളുടെ പണക്കുടുക്കകളുമായി എത്തിയത്. പ്രളയത്തിന്റെ ഗൗരവമൊന്നുമറിയാത്ത ആ കുരുന്നുകളിൽ പലരും പ്രളയ ബാധിത പ്രദേശത്തുനിന്നുമാണ് എത്തിയതെന്നതും കലക്ടറേയും മറ്റ് അധികൃതരെയും ഏറെ അത്ഭുതപ്പെടുത്തി.
കേരളം ഇന്നുവരെ നേരിട്ടിട്ടില്ലാത്ത ഒരു മഹാപ്രളയത്തെയാണ് കേരളം ഇക്കഴിഞ്ഞയിടെ നേരിട്ടത്. മഹാ ദുരന്തത്തെ ഒറ്റകെട്ടായി നേരിട്ട കേരളത്തെ പ്രശംസിച്ച് നിരവധി ആളുകൾ എത്തിയിരുന്നു. കയ്യും മെയ്യും മറന്ന് കേരള ജനത ഒന്നായി നിന്നത് ലോകം മുഴുവനും ചർച്ചയായിരുന്നു. കേരളത്തിന് സഹായമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായ ഹസ്തങ്ങൾ എത്തുമ്പോൾ കുഞ്ഞു മക്കൾ മുതൽ മുതിർന്ന ആളുകൾ വരെ ഒറ്റക്കെട്ടായി നിന്നത് കേരളത്തിന് എന്നും അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളാണ്..