യുവതാരങ്ങൾക്കൊപ്പം വെള്ളിത്തിരയിലും മിന്നിത്തിളങ്ങി കളക്ടർ ബ്രോ

August 29, 2018

മലയാളികൾ സ്നേഹത്തോടെ ബ്രോ എന്ന് വിളിച്ച കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ എന്നും വ്യത്യസ്തനായിരുന്നു. നിയമത്തിന്റെ ചുവപ്പുനാടകൾ പൊട്ടിച്ചെറിഞ്ഞ് വെള്ളിത്തിരയിൽ തിളങ്ങാൻ എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം കളക്ടർ ബ്രോ.

അജയ് ദേവലോക സംവിധാനം ചെയ്യുന്ന, കോറിഡോർ 6 ന്റെ ‘ഹൂ’ എന്ന ചിത്രത്തിലെ ഡോക്ടർ സാമുവൽ എന്ന കഥാപാത്രമായാണ് ബ്രോ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മൂടൽ മഞ്ഞിനൊപ്പം രഹസ്യങ്ങളും ചൂഴ്ന്നു നിൽക്കുന്ന നിഗൂഢതകളുടെ താഴ്വരയായ മെർക്കാടയിൽ താമസിക്കുന്ന ഡോക്ടർ സാമുവലിന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്  ബ്രോയ്‌ക്കൊപ്പം പേർളി മാണിയാണ്.  ശ്രുതി മേനോൻ, ഷൈൻ ടോം ചാക്കോ, രാജീവ് പിള്ള, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സ്വപ്നങ്ങളും, യാഥാർഥ്യവും ഇഴകോർത്തു നിൽക്കുന്ന മെർക്കാടയിലെ രഹസ്യാന്വേഷകനായാണ് സാമുവേൽ ചിത്രത്തിൽ എത്തുന്നത്. ഫോർ കെ ക്വളിറ്റിയിൽ ഒക്ടോബറിൽ തീയറ്ററുകളിൽ എത്തുന്ന ഈ ചിത്രം മലയാള സിനിമയുടെ പുതിയ തലത്തിലേക്കുള്ള ചുവടുവെപ്പാകുമെന്നതിൽ സംശയമില്ല. ഇൻസെപ്‌ഷൻ, മുൽഹോളണ്ട് ഡ്രൈവ് മുതലായ  ചിത്രങ്ങൾക്കൊപ്പം എത്തുന്ന ചിത്രം ഡോൾബൈ  അറ്റ്മോസ് ശബ്ദസംവിധാനത്തിലാണ് ഒരുക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.